മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ ഇന്നലെ രാത്രിയില്‍ വീണ്ടും കാട്ടാനയെത്തി. രണ്ട് ആനകളാണ് ഞായറാഴ്ച രാത്രി 8.30യോടെ എത്തിയത്. സമീപത്തെ പഴക്കടകള്‍ തകര്‍ത്ത് ഇവിടെ നിന്ന് പഴങ്ങള്‍ ഭക്ഷിച്ച ശേഷമാണ് മടങ്ങിയത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് മുമ്പും നിരവധി തവണ കാട്ടാന എത്തിയിരുന്നു. ഇളവ് വന്ന ശേഷം ടൗണ്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം പിന്നീട് ടൗണിലേക്ക് ആന എത്തുന്നത് ഇത് ആദ്യമാണ്. മുമ്പ് രാത്രിയില്‍ കാട്ടാന ടൗണിലൂടെ കറങ്ങി നടന്നിരുന്നു. കൂടാതെ കോളനിയിലെ വീടിന് സമീപത്തും ആനയെത്തിയിരുന്നു. നാലില്‍ അധികം വരുന്ന ആനകളാണ് മേഖലയില്‍ കറങ്ങി നടക്കുന്നത്.
ഇവയുടെ സഞ്ചാര പാത നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആനകള്‍ നാട്ടിലിറങ്ങുന്നത് വര്‍ദ്ധിക്കുകയാണ്. ഇത് പാലക്കാട് ഉണ്ടായത് പോലെ ആനകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. മാട്ടുപ്പെട്ടിക്ക് സമീപം കറങ്ങി നടന്ന ആനകളാണ് ലോക്ക് ഡൗണില്‍ ടൗണ്‍ നിശ്ചലമായതോടെ ടൗണിലേക്ക് ഇറങ്ങാന്‍ തുടങ്ങിയത്. കാട്ടിലേക്ക് തിരികെ അയക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ആനകള്‍ ഇതിന് തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: