തിരുവനന്തപുരം: നിര്‍മാണ രംഗത്തെ മരത്തിന്റെ ഉപയോഗം സംബന്ധിച്ച് കനേഡിന്‍ വുഡ് ഇതാദ്യമായി വെബിനാര്‍ സംഘടിപ്പിച്ചു. ആര്‍ക്കിടെക്ടുകള്‍, നിര്‍മാതാക്കള്‍, കരാറുകാര്‍, ആതിഥേയ വ്യവസായ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കിടയില്‍ നടത്തി വരുന്ന അവബോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് കനേഡിയന്‍ വുഡ് വെബിനാര്‍ നടത്തിയത്. ഇത്തരത്തിലുള്ള കൂടുതല്‍ വെബിനാറുകള്‍ നടത്താനും പദ്ധതിയുണ്ട്. കനേഡിയന്‍ വുഡ് എന്ന് അറിയപ്പെടുന്ന എഫ്ഐഐ ഇന്ത്യ രാജ്യത്ത് മരം ഉപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ സുസ്ഥിരമായി ആസൂത്രണം ചെയ്ത് നിയമപരമായി ശേഖരിക്കുന്ന മരമാണ് ഇതിനായി ഉപയോഗിക്കുന്നത്.
മരം ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു സംബന്ധിച്ച സാങ്കേതികവിദ്യാ അറിവുകളുടേയും അനുഭവത്തിന്റേയും അഭാവം ഇന്ത്യയില്‍ ഉണ്ടെന്ന് കനേഡിയന്‍ വുഡ് ടെക്നിക്കല്‍ അഡ്വൈസര്‍ പീറ്റര്‍ ബ്രാഡ്ഫീല്‍ഡ് ചൂണ്ടിക്കാട്ടി. ആര്‍ക്കിടെക്ടുകളേയും നിര്‍മാതാക്കളേയും ഡെവലപര്മാരേയുമെല്ലാം സഹായിക്കാന്‍ കനേഡിയന്‍ വുഡിനാവും. സാങ്കേതിക പിന്തുണ, മരം ശേഖരിക്കല്‍, പദ്ധതി ആസൂത്രണം തുടങ്ങിയവയയ്ക്ക് പിന്തുണ നല്‍കാനാവും. മരം ഉപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ക്കായുള്ള സ്ട്രക്ചറല്‍ എഞ്ചിനീയര്‍മാരെ നിര്‍ദ്ദേശിക്കാനും കനേഡിയന്‍ വുഡിനാവുമെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക അകലം പാലിക്കേണ്ട ഇക്കാലത്ത് ഇക്കാര്യങ്ങളെ കുറിച്ചുള്ള അറിവു പകരാനുള്ള പ്രധാന മാര്‍ഗമായാണ് തങ്ങള്‍ വെബിനാറുകളെ കാണുന്നതെന്ന് എഫ്ഐഐ ഇന്ത്യ കണ്ട്രി ഡയറക്ടര്‍ പ്രാണേഷ് ചിബ്ബര്‍ പറഞ്ഞു. സ്ട്രക്ചറല്‍ ആവശ്യങ്ങള്‍ക്കായി മരം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വെബിനാറിനു തുടര്‍ച്ചയായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിലെ വെബിനാറുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരം ഉപയോഗിച്ചുള്ള നിര്‍മാണങ്ങളുടെ സുരക്ഷിതത്വം സ്ഥിരത, വ്യത്യസ്ത കാലാവസ്ഥകളിലെ നിലനില്പ് തുടങ്ങിയ വിഷയങ്ങള്‍ വെബിനാറില്‍ വിശദമായി ചര്‍ച്ച ചെയ്തു. മരം ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ പതിവുള്ളതാണെങ്കിലും അതിനു പരിമിതികള്‍ ഉണ്ടായിരുന്നു. ഫര്‍ണീച്ചറുകള്‍, ജനല്‍, വാതില്‍എന്നിവയ്ക്കായാണ് മരം പ്രധാനമായും ഉപയോഗിച്ചു വരുന്നത്. സ്ട്രക്ചറിന്റെ കാര്യത്തില്‍ തൂണുകള്‍, മേല്‍ക്കൂര തുടങ്ങിയവയിലും മരത്തിന്റെ ഉപയോഗം പരിമിതപ്പെട്ടിരുന്നു. ഇതിന്റെ സ്ഥാനത്ത് വിപുലമായ ഉപയോഗമാണ് ഇപ്പോള്‍ റിസോര്‍ട്ടുകളിലും മറ്റ് ആതിഥേയ വ്യവസായ രംഗങ്ങളിലും നടന്നു വരുന്നത്.
ഈ വിഷയത്തെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ വെബിനാറില്‍ റിയല്‍ എസ്റ്റേറ്റ് ആതിഥേയ വ്യവസായ രംഗത്തെ പല പ്രമുഖരും പങ്കെടുത്തു. കനേഡിയന്‍ വുഡ് പങ്കാളിയായ നിരവധി പദ്ധതികളെ കുറിച്ചുള്ള വിശദ വിവരങ്ങളും അവര്‍ക്കു മുന്നില്‍ വെബിനാറിലൂടെ അവതരിപ്പിച്ചു. മരം ഉപയോഗിച്ചുള്ള നിര്‍മാണ പ്രക്രിയയുടെ വിവിധ രീതികളും ഇവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ ചിലത് ഈ വര്‍ഷം മാര്‍ച്ചില്‍ ബെംഗലൂരുവില്‍ നടന്ന ഇന്ത്യാ വുഡ് ട്രേഡ് ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
കനേഡിയന്‍ വുഡ് അവതരിപ്പിക്കുന്ന പ്രധാന ഇനങ്ങളില്‍ ഒന്നായ സ്പ്രൂസ് പൈന്‍ ഫിര്‍ സംബന്ധിച്ച ചര്‍ച്ചകളും വെബിനാറില്‍ നടന്നു. മികച്ച ശക്തി, സ്ഥിരത, നിര്‍മാണത്തിനു സഹായകമായ സവിശേഷതകള്‍, ലഭ്യത തുടങ്ങിയവയാണ് ഇതിനെ കൂടുതല്‍ താല്‍പ്പര്യമുള്ളതാക്കുന്നത്. കനേഡിയന്‍ വുഡിന്റെ മറ്റ് ഇനങ്ങളായ ഹെംലോക്ക്, യെല്ലോ സെഡാര്‍, ഡൗഗ്ലസ് ഫിര്‍, വെസ്റ്റേണ്‍ റെഡ് സെഡാര്‍ തുടങ്ങിയവയെ കുറിച്ചും ചര്‍ച്ചകള്‍ നടത്തി.
https://www.youtube.com/watch?v=fi9qFhx-IUc എന്ന ലിങ്കു സന്ദര്‍ശിച്ചാല്‍ വെബിനാര്‍ വീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: