മുക്കം: സ്വകാര്യ ബാര്‍ ഹോട്ടലില്‍ നിന്നും മദ്യം വാങ്ങി കഴിച്ച നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പരാതി. ഓണ്‍ലൈന്‍ ബുക്കിങ് പ്രകാരം മുക്കത്തെ സ്വകാര്യ ബാര്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ മദ്യം കുടിച്ചവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. മദ്യക്കുപ്പിയുടെ പിന്‍ഭാഗം തുളച്ച് വേറെ മദ്യം നിറച്ച് വിറ്റതാണെന്ന് ഉപഭോക്താക്കള്‍ ആരോപിച്ചു.
തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമല്‍ ജെഫിന് സെബാസ്റ്റ്യന്‍ വെള്ളിയാഴ്ചയാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്ത് മദ്യം വാങ്ങിയത്. ബുക്കിങ് പ്രകാരം മുക്കത്തെ ബാറില്‍ നിന്നാണ് മദ്യം ലഭിച്ചത്. ഇത് സുഹൃത്തുക്കളോടൊപ്പം പങ്കിട്ടുകഴിച്ചു. കഴിഞ്ഞ ദിവസം മുതല്‍ ഇവര്‍ക്ക് വയറിളക്കം, ഛര്‍ദി തുടങ്ങിയവ ഉണ്ടായെന്നാണ് പരാതി. എല്ലാവര്ക്കും ഒരേപോലെ ലക്ഷണങ്ങള്‍ വന്നപ്പോഴാണ് ബോട്ടില്‍ പരിശോധിച്ചത്. ബോട്ടിലിന്റെ അടിഭാഗത് വേറെ തുളയുണ്ടാക്കി ഒര്‍ജിനല്‍ മദ്യം മാറ്റി ഡ്യൂപ്ലിക്കേറ്റ് മദ്യം നിറച്ചാണ് ബാറില്‍ നിന്നും നല്‍കിയതെന്നും അത് കഴിച്ചിട്ടാണ് തങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടായെതെന്നും ഇവര്‍ പറയുന്നു. ജെഫിന് പുറമെ തൊണ്ടിമ്മല്‍ സ്വദേശികളായ പ്രബീഷ്, അജിത് എന്നിവര്‍ക്കും ഇത്തരത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ എക്സൈസ് വകുപ്പിന് പരാതി നല്‍കിയതായി ഇവര്‍ പറഞ്ഞു.
അതേസമയം ബോട്ടിലിലെ മദ്യം മാറ്റിയെന്ന ആരോപണം ഹോട്ടല്‍ മാനേജ്മെന്റ് തള്ളി. വെയര്‍ ഹൗസില്‍ നിന്നും വാങ്ങിയ മദ്യമാണ് വില്‍പ്പന നടത്തിയതെന്നും രണ്ട് ദിവസം മുമ്പ് മാത്രമാണ് ബാര്‍ എക്സൈസ് അധികൃതര്‍ തുറന്ന് തന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: