ബെംഗളൂരു: പ്രത്യേക ശ്രമിക് ട്രെയിനുകളില്‍ ഇതര സംസ്ഥാനങ്ങളിലേക്കു മടങ്ങുന്നവരുടെ ടിക്കറ്റ് തുക കര്‍ണാടക സര്‍ക്കാര്‍ വഹിക്കും. ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ശ്രമിക് ട്രെയിനില്‍ കര്‍ണാടകയിലേക്ക് തിരിച്ചെത്തുന്ന തൊഴിലാളികളുടെ ടിക്കറ്റ് തുകയും കര്‍ണാടക സര്‍ക്കാരാണ് വഹിക്കുന്നത്.
മേയ് 31വരെ സംസ്ഥാനത്തു നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ശ്രമിക് ട്രെയിനുകളിലെ ടിക്കറ്റ് തുകയായിരിക്കും സര്‍ക്കാര്‍ വഹിക്കുക. തൊഴിലിനായി സംസ്ഥാനത്ത് എത്തിയവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് തുക നല്കാന് തൊഴിലാളികള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ട്വീറ്റ് ചെയ്തു.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം തൊഴിലാളികളെ ട്രെയിനില്‍ അയക്കുന്ന സംസ്ഥാനമായിരിക്കണം തുക നല്‍കേണ്ടത്. അങ്ങനെ നല്‍കിയില്ലെങ്കില്‍ യാത്രക്കാരില്‍ നിന്നോ അതല്ലെങ്കില്‍ യാത്രക്കാര്‍ എത്തുന്ന സംസ്ഥാനമോ ടിക്കറ്റ് തുക നല്‍കണം.
ലോക് ഡൗണിനുശേഷം അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഐന്താക്കെയാണെന്ന് അറിയിക്കാന്‍ നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം പരിഗണിക്കുമ്പോഴാണ് തൊഴിലാളികള്‍ക്ക് ടിക്കറ്റ് തുക നല്കാന് കഴിയാത്തതിന്റെ ബുദ്ധിമുട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: