കാക്കനാട്: കാലവര്‍ഷം സജീവമാകുന്നതോടെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനു ശക്തമായ മുന്നൊരുക്കം നടത്തണമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങിയ യോഗത്തിലായിരുന്നു തീരുമാനം.
വെള്ളപ്പൊക്ക പ്രദേശങ്ങളെ ബന്ധപ്പെടുത്തി ഫ്ളഡ് മാപ്പിങ് രൂപീകരിക്കണമെന്ന തീരുമാനം ഇതുവരെ നടപ്പിലാക്കിയില്ലെന്ന് ബെന്നി ബഹനാന് എംപി ആരോപിച്ചു. മണ്‍സൂണ്‍ സജീവമാകുന്നതോടെ കൊറോണ പടരാന്‍ സാധ്യത കൂടുതലാണെന്നും അതീവ ജാഗ്രത പാലിക്കണമെന്നും എസ്. ശര്‍മ എംഎല്‍എ ചൂണ്ടിക്കാട്ടി. തീരദേശ പ്രദേശങ്ങളായ ചെല്ലാനം, പറവൂര്‍, ആലുവ എന്നിവിടങ്ങളില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജിയോട്യൂബ് സ്ഥാപിക്കാന്‍ നടപടി വേണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മഴക്കാലത്ത് മലങ്കര ഡാം തുറന്നതാണ് കിഴക്കന്‍ മേഖലകളായ മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണം. ഡാമില്‍ വെള്ളത്തിന്റെ 39.5 അടിയായി ക്രമീകരിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നു ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. ഇവിടങ്ങളിലെ തോടുകളും പുഴകളും വഴിമാറി ഒഴുകുകയാണ്.
വന്‍ കാടുകളും തുരുത്തുകളും രൂപപ്പെട്ടതിനാല്‍ ഇവയൊക്കെ വെട്ടിമാറ്റി സുഗമമായ ഒഴുക്കിന് നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കളക്ടര്‍ എസ്. സുഹാസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: