തൃശൂര്‍: പകല്‍പ്പൂരവും ഉപചാരംചൊല്ലി പിരിയലും വെടിക്കെട്ടുമില്ലാതെ തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി. പതിനായിരങ്ങളെ സാക്ഷിയാക്കി പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാരുടെ ഉപചാരം ചൊല്ലല്‍ ചടങ്ങിന് വേദിയാകേണ്ട വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനം ഇന്നലെ ഒഴിഞ്ഞു കിടന്നു. പ്രദക്ഷിണ വഴികളും ക്ഷേത്രമൈതാനവും ആളനക്കമില്ലാതെ ശൂന്യം.
പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ഇന്നലെ താന്ത്രികച്ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് ആറാട്ട് നടത്തി. ക്ഷേത്രക്കുളത്തിലായിരുന്നു പാറമേക്കാവ് ഭഗവതിയുടെ ആറാട്ട്. ഇതിനു ശേഷം കൊടിയിറക്കി 25 കലശം നടത്തിയതോടെ പൂരച്ചടങ്ങുകള്‍ സമാപിച്ചു. തിരുവമ്പാടി ഭഗവതി വൈകിട്ട് നടുവില്‍ മഠത്തില്‍ പോയി ആറാട്ട് നടത്തി. തുടര്‍ന്ന് ക്ഷേത്രത്തില്‍ തിരിച്ചെഴുന്നെള്ളിയതിനു ശേഷമായിരുന്നു കൊടിയിറക്കല്‍.
അതിഥികളെ സത്ക്കരിക്കുന്നതിനിടെ പൂരം കാണാന്‍ പറ്റാത്ത തട്ടകനിവാസികളുടെ പൂരം ഇന്നലെയായിരുന്നു. രാവിലെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാരുടെ എഴുന്നള്ളിപ്പുകള്‍ തുടങ്ങുന്നതിനു മുമ്പേ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരങ്ങള്‍ നഗരത്തിലേക്ക് പ്രവാഹം ആരംഭിച്ചിരിക്കും. ദേവസോദരിമാരായ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഇനി അടുത്ത പൂരത്തിന് കാണാമെന്ന് ഉപചാരം ചൊല്ലി പിരിയുന്ന വികാരനിര്‍ഭരമായ ചടങ്ങിന് ഓരോ തട്ടകക്കാരും ഈറനണിയുന്ന കണ്ണുകളോടെ സാക്ഷികളാവും. ഇത്തവണ ഇതെല്ലാം ഓര്മ മാത്രമായി.
നെഞ്ചുരുകി വീടുകളിലിരിക്കുമ്പോഴും പൂരപ്പറമ്പിലായിരുന്നു തട്ടകത്തിലുള്ളവരുടെ മനസ്. രാവിലെ മുതല്‍ തട്ടകത്തെ വീട്ടുകാര്‍ പൂരവിശേഷങ്ങള്‍ പരസ്പരം പങ്കിട്ട് ആശ്വാസം കൊണ്ടു. കടുത്ത വേദനയോടെ ഓരോ തട്ടകനിവാസികളും വികാരതീവ്രമായ ആ മുഹൂര്‍ത്തം ഇന്നലെ മനസുകൊണ്ട് ഏറ്റുവാങ്ങി. അടുത്ത മേടത്തിലെ പൂരം നാളിനായി കാത്തിരിപ്പ് തുടങ്ങി തട്ടകക്കാര്‍. ഇപ്രാവശ്യത്തെ സങ്കടം അടുത്ത പൂരത്തിന് നികത്താമെന്ന ദൃഢനിശ്ചയത്തോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: