ബേക്കല്‍: കാസര്‍കോട് ജില്ലയില്‍ കഞ്ചാവ് കടത്ത് വ്യാപകമായതായി സൂചന. കെ.എസ്.ടി.പി റോഡില്‍ ബേക്കല്‍-കാഞ്ഞങ്ങാട് പ്രദേശം മയക്കുമരുന്ന് കടത്തുകാരുടെ കേന്ദ്രമായി മാറുകയാണെന്ന് പോലീസ് പറയുന്നു. ഏറ്റവുമൊടുവിലായി ആറ് കിലോഗ്രാം കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തതോടെ ഈ റൂട്ടില്‍ മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നുണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്.
ഉപ്പളയിലെ ഒരു കേന്ദ്രത്തില്‍ നിന്ന് ബേക്കല്‍, കാഞ്ഞങ്ങാട്, നീലേശ്വരം തൈക്കടപ്പുറം പ്രദേശങ്ങളിലേക്ക് ചില്ലറ വില്പനയ്ക്കായി കടത്തിക്കൊണ്ടു വരുന്നതിനിടയില്‍ ബേക്കല്‍ പോലീസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ലോക്ഡൗണില്‍ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ആറുകിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് ആവിക്കരയിലെ കെ.ആഷിഖ് (24), കാഞ്ഞങ്ങാട് പഴയ കടപ്പുറം കല്ലൂരാവിയിലെ അഷ്ക്കര്‍ അലി (26) എന്നിവര്‍ അറസ്റ്റിലായത്.
പ്രതികള്‍ സഞ്ചരിച്ച ടെമ്പോ വാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ബേക്കല്‍ കവലയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു എസ് ഐ അജിത്കുമാറും സംഘവും. ഇതിനിടെയാണ് ഉപ്പള ഭാഗത്ത് നിന്നും യുവാക്കളെത്തിയത്. പരിശോധനയ്ക്കിടെ പോലീസിന് കഞ്ചാവ് മണത്തു. ഇതോടെ വാഹനത്തില്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള കടലാസില്‍ ഭംഗിയായി പൊതിഞ്ഞ നിലയില്‍ കഞ്ചാവിന്റെ രണ്ടു കിലോയുടെ ഒരു പായ്ക്കറ്റ് ഡ്രൈവറുടെ സീറ്റിന് പിറകിലും രണ്ടെണ്ണം സീറ്റിനടിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ഒരു കെട്ട് പൊട്ടിച്ച നിലയിലായിരുന്നു. ഈ പൊതിയില്‍ നിന്ന് കഞ്ചാവ് ആര്‍ക്കോ കൈമാറാന്‍ പൊട്ടിച്ചതാകമെന്നാണ് പോലീസിന്റെ നിഗമനം.
നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ ഭാഗങ്ങളില്‍ ചില്ലറ വില്പനക്ക് കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. എസ് ഐക്ക് പുറമെ സിപിഒമാരായ പ്രകാശന്, പ്രജിത്ത്, രഞ്ജിത്ത്, ഡ്രൈവര്‍ ജയേഷ്, ബേക്കല്‍ കവലയിലെ പോലീസ് പരിശോധനാ കേന്ദ്രത്തിലുണ്ടായ കെഎപി സംഘവും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ബേക്കല്‍ ജംഗ്ഷനില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് ഇത്രയധികം കഞ്ചാവ് പിടികൂടാനായത്.
ഉദുമ ബേക്കല്‍ ഭാഗത്ത് നിരവധി കഞ്ചാവ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇംതിയാസ്, കത്തി അഷ്റഫ്, താജുദ്ദീന് എന്നിവരെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി പി.എസ് സാബു, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ സുധാകരന്, ബേക്കല്‍ സി ഐ പി.നാരായണന് എന്നിവര്‍ ബേക്കലിലെത്തി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: