ന്യൂദല്‍ഹി: 2007ല്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലിഷ് പേസ് ബോളര്‍ സ്റ്റുവാര്‍ട്ട് ബ്രോഡിനെതിരെ ഒരു ഓവറില്‍ ആറു സിക്സ് നേടിയ തന്റെ ബാറ്റിന്റെ കാര്യത്തില്‍ വിവിധ ടീമുകള്‍ക്ക് സംശയങ്ങളുണ്ടായിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വെളിപ്പെടുത്തല്‍. സ്പോര്‍ട്സ് ടക്കിനു നല്കിയ അഭിമുഖത്തിലാണ് അന്ന് വിവിധ ടീമുകളിലെ താരങ്ങള്‍ക്ക് തന്റെ ബാറ്റിന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നതായി യുവരാജ് വെളിപ്പെടുത്തിയത്.
സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെയും ഇതേ ബാറ്റുപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതോടെ സംശയം കൂടിയതായും യുവരാജ് സിങ് പറഞ്ഞു. ഈ മത്സരത്തില്‍ 12 പന്തുകളില്‍നിന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി യുവരാജ് അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡും സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലകനായിരുന്ന വ്യക്തി എന്റെ അടുത്തുവന്ന് ബാറ്റിനു പിന്നില്‍ ഫൈബര്‍ വല്ലതുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് നിയമപരമാണോയെന്നും മാച്ച് റഫറി ബാറ്റ് പരിശോധിച്ചിരുന്നോ എന്നും അന്വേഷിച്ചു. ഇതോടെ ബാറ്റുകൊണ്ടുപോയി പരിശോധിച്ചുനോക്കാന്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു.
ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ആദം ഗില്‍ക്രിസ്റ്റ് പോലും എവിടെനിന്നാണ് നിങ്ങളുടെ (ഇന്ത്യന്‍ താരങ്ങളുടെ) ബാറ്റ് നിര്‍മിക്കുന്നതെന്ന് ചോദിച്ചെന്നും താരങ്ങള്‍ക്ക് സംശയം കുടുങ്ങിയതോടെ മാച്ച് റഫറി എന്റെ ബാറ്റ് പരിശോധിച്ചെന്നും യുവരാജ് വെളിപ്പെടുത്തി.
സത്യത്തില്‍ എനിക്കേറെ പ്രിയപ്പെട്ട ബാറ്റായിരുന്നു 2007ലെ ട്വന്റി20 ലോകകപ്പില്‍ ഉപയോഗിച്ചിരുന്നത്. അതുപോലൊരു ബാറ്റുകൊണ്ട് പിന്നീട് ജീവിതത്തിലൊരിക്കലും കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. പിന്നീട് 2011 ലോകകപ്പില്‍ ഉപയോഗിച്ചിരുന്ന ബാറ്റും എനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് യുവരാജ് പറഞ്ഞു.
ലോകകപ്പിനു മുന്നോടിയായി ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ധോണിക്കുണ്ടായിരുന്ന തലവേദനയെക്കുറിച്ചും യുവരാജ് വെളിപ്പെടുത്തി. റെയ്നയ്ക്ക് എക്കാലവും ധോണിയുടെ ഉറച്ച പിന്തുണ ലഭിച്ചിരുന്നു. യൂസഫ് പഠാനും ആ സമയത്ത് ഉജ്വല ഫോമിലായിരുന്നു. ഞാനും സ്വതവേ മികച്ച പ്രകടനമാണ് നടത്തിയത്. വിക്കറ്റുകളും വീഴ്ത്തിയിരുന്നു. പക്ഷേ, റെയ്ന അന്ന് അത്ര മികച്ച ഫോമിലായിരുന്നില്ല. അന്ന് ടീമില്‍ ഇടംകയ്യന്‍ സ്പിന്നര്‍മാരൊന്നുമില്ലായിരുന്നു. ഞാനാകട്ടെ മികച്ച ഫോമിലാണ് പന്തെറിഞ്ഞിരുന്നത്. ഇതോടെ എന്നെ ഉള്‍പ്പെടുത്താതെ നിര്‍വാഹമില്ലെന്നായി. മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെയും യുവരാജ് പുകഴ്ത്തി. തന്റെയുള്ളിലെ പ്രതിഭയെ ഊതിക്കാച്ചിയെടുത്തത് ഗാംഗുലിയാണെന്ന് യുവരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: