തൃശൂര്‍: തോമസ് ഐസക്കിന്റെ കേന്ദ്ര വിരുദ്ധ പ്രസ്താവന നിരാശ മറയ്ക്കാനും പിണറായിയുടെ അവഗണനയെ അതിജീവിക്കാനും വേണ്ടി മാത്രമെന്ന് ബിജെപി വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണന്. പിണറായിയെ കടത്തിവെട്ടാനുള്ള ഉള്‍പ്പാര്‍ട്ടി മല്‍സരമാണ് ഐസക്കിന്റെ മോദി ശത്രുതയ്ക്ക് പിന്നില്‍. കൊറോണയെ നേരിടാന്‍ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്തപ്പോള്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നത് ധനമന്ത്രി ഐസക്കാണ്. 28 രൂപ സബ്സിഡിയായി റേഷന്‍ നല്‍കുന്നത് പോലും കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര പാക്കേജ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ കേരള ധനമന്ത്രി നിരാശ പൂണ്ട് നിഴലിനോട് യുദ്ധം ചെയ്യുകയാണ്.
ഇപ്പോള്‍ കള്ള് വില്ക്കാന് പറ്റാത്തതിന്റെ നിരാശയും ധനമന്ത്രിക്കുണ്ട്. കേന്ദ്രവും ലോക ബാങ്കും കൊടുത്ത കോടികളുടെ സഹായം വകമാറ്റി ശമ്പളം കൊടുക്കാന്‍ പോലും ചിലവാക്കിയവര്‍ കൊറോണയുടെ പേരില്‍ കേന്ദത്തിന്റെ കയ്യില്‍ നിന്ന് കോടികള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് വന്‍ പ്രഖ്യാപനം നടത്തിയത്. ഒന്നും നടക്കാതെ വന്നപ്പോള്‍ പിണറായി ധനമന്ത്രിയെ അവഗണിച്ചു. നിരാശ മൂത്ത ധനമന്ത്രി കേന്ദ്രത്തെ വിളിക്കുകയാണ്. രാജ്യത്തെ ഒരു ധനമന്ത്രിയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ല. ബിജെപി ഇതര മന്ത്രിസഭകള്‍ എല്ലാം തന്നെ കൊറോണ ദുരിതാശ്വാസ നടപടികള്‍ ജനങ്ങളുടെ അക്കൗണ്ടില്‍ പണം നല്കി നടപ്പാക്കുമ്പോള്‍ സാലറി ചലഞ്ച് പ്രഖ്യാപിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് കേരള ധനമന്ത്രി ശ്രമിക്കുന്നത്. ധനമന്ത്രി വീമ്പ് പറച്ചിലും അഹങ്കാരവും വെടിഞ്ഞ് യാഥാര്‍ഥ്യം മുഖ്യമന്ത്രിയിലൂടെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചാല്‍ കൂടുതല്‍ ഗുണമുണ്ടാകുമെന്നും ഗോപാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: