തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചന് ഇതുവരെയും ഫണ്ട് നല്‍കിയില്ല. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും തനത് ഫണ്ടില്‍ നിന്നു പണമെടുത്തും ഭക്ഷണം തയാറാക്കാന്‍ നെട്ടോട്ടമോടുകയാണ് ഈ സ്ഥാപനങ്ങള്‍.
വീടിനുള്ളില്‍ നിരീക്ഷണത്തിലായവര്‍ക്കും ഒറ്റപ്പെട്ടുപോയവര്‍ക്കും സൗജന്യ ഭക്ഷണമെത്തിക്കുക, 20 രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുക എന്നിവയ്ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചന് പ്രഖ്യാപിച്ചത്.
തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച് വൊളന്റിയര്‍മാര്‍ വഴി ഭക്ഷണം വിതരണം ചെയ്യാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് പഞ്ചായത്തുകളും നഗരസഭകളുമെല്ലാം പദ്ധതി തുടങ്ങി. എന്നാല്‍, ഇതിനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചില്ല. ആദ്യഘട്ടത്തില്‍ അമ്പതിനായിരം രൂപ റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ ലഭിക്കുമെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചത്. അത് നല്കിയാല് തന്നെ തിരികെ നല്‍കണം.
അരി, പലവ്യഞ്ജനം തുടങ്ങി വൊളന്റിയര്‍മാരുടെ പെട്രോള്‍ ഇനത്തില്‍ വരെ നല്ലൊരു തുക ദിവസേന വേണം. ചിലയിടങ്ങളില്‍ അരി സ്കൂളുകളില്‍ നിന്നെടുക്കാന്‍ നിര്‍ദ്ദേശം നല്കി. ഉത്തരവ് ഇറങ്ങിയിട്ടില്ല. കുടംബശ്രീക്കാര് സൗജന്യമായി കുറേ ഭാഗങ്ങളില്‍ പാചകം ചെയ്യുന്നുണ്ട്. മറ്റിടങ്ങളില്‍ പാചകക്കാരും. അത്തരം സ്ഥലങ്ങളില്‍ പാചകത്തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണം.
പലയിടങ്ങളില്‍ നിന്നുള്ള സഹായത്താലാണ് കമ്മ്യൂണിറ്റി കിച്ചന് ഓടുന്നത്. കുറഞ്ഞ ദിവസം കൊണ്ട് നല്ലൊരു തുക സമീപത്തെ കടകളില്‍ നല്‍കാനുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുന്നു. എത്രനാള്‍ ഈ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന ആശങ്കയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: