ന്യൂദല്‍ഹി: കൊറോണ വൈറസ് വിദേശ രാജ്യങ്ങളില്‍ നിയന്ത്രണാധീതമായി തുടരുന്ന സാഹചര്യത്തില്‍ വിദേശത്ത് അകപ്പെട്ടിരിക്കുന്ന പൗരന്മാര്ക്ക് സഹായത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കാള്‍സെന്റര്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഒരു ടോള്‍ഫ്രീ നമ്പര്‍ ഉള്‍പ്പെടെ നാലു നമ്പരുകളാണ് വിദേശകാര്യ മന്ത്രാലയം കാള്‍സെന്റര്‍ സേവനത്തിനായി ഒരുക്കിയിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.1800 128 797 (ടോള്‍ഫ്രീ), +91-11-23012113, +91-11-23014104 +91-11-23017905 എന്നീ നമ്പരുകളിലൂടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
”കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും നാട്ടിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്തവരുമായ മലയാളികളും അവരുടെ ബന്ധുക്കളും എന്നെ ബന്ധപ്പെടുന്നുണ്ട്. അവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം വിദേശകാര്യ മന്ത്രാലയം യുദ്ധകാല അടിസ്ഥാനത്തില്‍ ചെയ്തു വരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ട്.” കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 283 കൊവിഡ്-19 ബാധിതരാണ് രാജ്യത്തുള്ളത്. ഇതുവരെ നാലുപേര്‍ കൊറോണ ബാധിച്ച് മരണമടഞ്ഞു. 22 പേര് രോഗമുക്തരാകുകയും ചെയ്തു. രാജ്യതലസ്ഥാനത്തും പതിനെട്ട് സംസ്ഥാനങ്ങളിലും മറ്റു നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: