അനാത്മാവിനെ ആത്മാവായി തെറ്റിദ്ധരിക്കുന്ന
ജീവന്റെ ബന്ധനത്തെക്കുറിച്ച് വിശദമാക്കുന്നു.
ശ്ലോകം 138
അതസ്മിന്‍ സദ് ബുദ്ധി: പ്രഭവതി
വിമൂഢസ്യ തമസാ
വിവേകാഭാവാദ് വൈ സ്ഥുരതി
ഭുജഗേ രജ്ജുധിഷണാ
തതേളനര്ത്ഥവ്രാതൗ നിപതതി
സമാദാതുര ധിക:
തതോ യോളസദ്ഗ്രാഹ: സ ഹി ഭവതി
ബന്ധ: ശൃണു സഖേ
അജ്ഞാനത്തിന്റെ കൂരിരുട്ടിനാല്‍ വിമൂഢനായാല് ‘അതല്ലാത്തതിനെ അതെന്ന് ‘ തെറ്റിദ്ധരിക്കും.വിവേകമില്ലായ്മ മൂലമാണ് പാമ്പിനെ കയറായി തോന്നിക്കുന്നത്.ഈ അബദ്ധ ധാരണമൂലം അതിനെ ചെന്ന് എടുത്താല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു. അതിനാല്‍ കൂട്ടുകാരാ കേള്‍ക്കൂ… അനാത്മാവിനെ ആത്മാവെന്ന് കരുതുന്നതിനെയാണ് ബന്ധനം എന്ന് പറയുന്നത്. അസത്തിനെ സത്യമെന്ന് കരുതുന്നത് തന്നെ ബന്ധം.
അത് അല്ലാത്തതിനെ മറ്റൊന്നില്‍ അതാണെന്ന് കരുതുന്നതാണ് വ്യാമോഹം. പാമ്പിനെ കയറാണെന്ന് കരുതുംപോലെ. അസത്തും അനാത്മാവുമായ ശരീരത്തില്‍ ആത്മാമാവാണെന്ന ബോധം.ഇതിനെ അദ്ധ്യാസം എന്ന് പറയുന്നു. അറിവില്ലായ്മ മൂലം വളരെ വിമൂഢനായവര്ക്കാണ് ഈ തെറ്റിദ്ധാരണയുണ്ടാവുക. സത്യബോധം ഇല്ലായ്മ എന്ന തമോഗുണത്തില്‍ നിന്നാണ് ഈ മൂഢത വന്നു പെടുന്നത്. തമസ്സ് മൂലം നമ്മളുടെ വിവേക ബുദ്ധി നഷ്ടപ്പെടുമ്പോഴാണ് വ്യാമോഹിതരാകുന്നത്.
സ്വപ്നത്തിലും ഉറക്കത്തിലും തമസ്സ് ബാധിക്കുന്നുണ്ട്. അതുകൊണ്ട് ആ സമയങ്ങളില്‍ പുറംലോകത്തെ അറിയാന്‍ കഴിയുന്നില്ല. ഉണരുമ്പോള്‍ ഈ തമസ്സ് നീങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഉണര്‍ന്നിരിക്കുമ്പോഴത്തെ തമോഗുണം ബുദ്ധിയില്‍ മറയേയും മനസ്സില്‍ വിക്ഷേപത്തേയുമുണ്ടാക്കി ഓരോരുത്തരേയും കഷ്ടപ്പെടുത്തുന്നു.
ലഹരി ഉള്ളില്‍ ചെന്നാല്‍ ആളുകളുടെ സ്വബോധവും വിവേകവും നഷ്ടപ്പെടുംപോലെയാണിത്. വാസ്തവത്തിലുള്ളതിനെതിരിച്ചറിയാനാവില്ല. ജാഗ്രത്തില്‍ പൂര്‍ണ്ണമായും ഉള്ള വിവേകശക്തി വ്യാമോഹത്തില്‍ പെടുമ്പോള്‍ വളരെ വളരെ കുറവ് മാത്രമായിരിക്കും. അരണ്ട വെളിച്ചത്തില്‍ കയര്‍ കിടക്കുന്നത് കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിക്കപ്പെടും. മറ്റ് ചിലപ്പോള്‍ നേരെ തിരിച്ചും. കയറാണെന്ന് കരുതി പാമ്പിനെ ചെന്നെടുക്കാന്‍ നോക്കിയാലുള്ള പ്രശ്നങ്ങള്‍ പറയേണ്ടതില്ലല്ലോ.
കയറില്‍ പാമ്പിനെ കണ്ടാലും പാമ്പില്‍ കയറിനെ കണ്ടാലും അപകടമാണ്. തമസ്സിന്റെ മായാമറ കാരണം വാസ്തവത്തില്‍ ഉള്ളതിനെ മറച്ച് ഇല്ലാത്ത മറ്റൊന്നിനെ കാണുതായി തോന്നിപ്പിക്കും. വിറകു കൊള്ളിയാണെന്ന് കരുതി വിറകു കൂട്ടത്തില്‍ കിടക്കുന്ന പാമ്പിനെ കയറിപ്പിച്ചിട്ടുള്ളത് പലര്‍ക്കും അനുഭവമുണ്ടാകാം.
അങ്ങനെയെങ്കില്‍ അനാത്മാവിനെ ആത്മാവെന്ന് തെറ്റിദ്ധരിച്ചാല്‍ എന്തൊരാപത്തായിരിക്കും. താന്‍ ശരീരമാണ് എന്നതാണ് ഏറ്റവും വലിയ തെറ്റിദ്ധാരണ. ദേഹമാണ് ഞാന്‍ എന്ന ധാരണ മൂലം ആസക്തി കൂടും. ഒപ്പം അതുമായി ബന്ധപ്പെട്ട് ജീവിത ക്ലേശങ്ങളും. അസത്തായ ദേഹത്തെ വിടാതെ പിടിച്ചിരിക്കുക എന്നതാണ് ബന്ധം.
നശിക്കുന്നതും മാറ്റങ്ങള്‍ക്ക് വിധേയമായതുമായ അസത്തായ ശരീരം മുതലായ അനാത്മ വസ്തുക്കള്‍ ആത്മാവെന്ന് കരുതുന്നത് തന്നെയാണ് ബന്ധനം.ശിഷ്യനെയോ തന്നെ കേള്ക്കുന്നവരേയോ തന്നെ സഖേ.. എന്ന് കരുണയോടെ ഗുരു അഭിസംബോധന ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: