കവി, ഭാഷാ ഗവേഷകന്, ചരിത്രകാരന്, അധ്യാപകന് തുടങ്ങിയ നിലകളില്‍ എല്ലാം വ്യക്തിമുദ്ര പതിപ്പിക്കാനായ പുതുശ്ശേരി രാമചന്ദ്രന്റെ വലിയ നേട്ടം മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നേടികൊടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു എന്നതില്‍ തര്‍ക്കമില്ല. മലയാളം പഠിക്കുന്നതേ മോശമാണെന്നു കരുതുന്ന സമൂഹം ശക്തമായി നില്‍ക്കുേേമ്പാള്‍ ഭാഷയ്ക്കായുള്ള പോരാട്ടത്തില്‍ എന്നും മുന്‍പന്തിയിലായിരുന്നു മലയാള ഭാഷയെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹം.
സാങ്കേതിക തടസ്സങ്ങളേയും വാദങ്ങളേയും യുക്തിഭദ്രതയോടെ ഖണ്ഡിച്ച് മലയാളത്തെ ശ്രേഷ്ഠ ഭാഷ പട്ടികയില്‍ പെടുത്താന്‍ പണിപ്പെട്ടവരില്‍ പുതുശ്ശേരിയെപോലെ മറ്റൊരാള്‍ ഇല്ല. പുതുശ്ശേരി അധ്യക്ഷനായ സമിതി 9 മാസം കൊണ്ട് നാല് വാള്യങ്ങളായി തയ്യാറാക്കിയ റിപ്പോര്‍ട്ടായിരുന്നു ശ്രമത്തിന്റെ പ്രധാന ഘടകം. അതിനാലാണ് പുതുശ്ശേരിയെ ശ്രേഷ്ഠഭാഷാ പിതാവെന്ന് വിലയിരുത്തുന്നത്. 1978ല്‍ ലോകമലയാള സമ്മേളനം തിരുവനന്തപുരത്ത് നടന്നത് പുതുശേരിയുടെ നേതൃത്വത്തിലായിരുന്നു.
വിദ്യാര്‍ത്ഥി കോണ്‍ഗ്രസില്‍ നിന്നും ചുവടുമാറി പിന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെത്തിയ പുതുശ്ശേരി ശൂരനാട് വിപ്ലവത്തെ തുടര്‍ന്ന് തോപ്പില്‍ ഭാസി അടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ചു. നിരവധി തവണ അറസ്റ്റും ജയില്‍ശിക്ഷയും മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങി. കറകളഞ്ഞ കമ്മ്യുണിസ്റ്റുകാരനായിരുന്നുവെങ്കിലും കമ്മ്യൂണിസ്റ്റ് കുഴലൂത്തു സാഹിത്യകാരനായി അദ്ദേഹത്തെ കണ്ടിരുന്നില്ല.
സാഹിത്യ വഴിയില്‍ പാര്‍ട്ടിയെ ഉപയോഗപ്പെടുത്തേണ്ട ആവശ്യം പുതുശ്ശേരിക്കുണ്ടായിരുന്നില്ല. പുതുശ്ശേരിയെ ഒപ്പം നിര്‍ത്തേണ്ടത് പാര്‍ട്ടിയുടെ ആവശ്യമായിരുന്നു. സമരവും ജയിലും ഒക്കെ കണ്ടതിനും അനുഭവിച്ചതിനും ശേഷമാണ് പുതുശ്ശേരി പഠനമികവിന്റെ പടികള്‍ ചവുട്ടിക്കയറിയത്. സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി. ക്വിറ്റ് ഇന്ത്യാ സമരം, പുന്നപ്ര വയലാര്‍ സംഭവത്തെത്തുടര്‍ന്നുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്തതിന് സ്കൂളുകളില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോഴും പരിതപിച്ചില്ല. പ്രക്ഷോഭങ്ങളെ മുന്‍നിരയില്‍ നിന്ന് തന്നെ നയിച്ചു. കൊല്ലം എസ്.എന്‍. കോളജ് വിദ്യാഭ്യാസകാലത്തെ സമരത്തില്‍ അറസ്റ്റും ലോക്കപ്പ് വാസവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശൂരനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി ഇരിക്കുമ്പോള്‍ അവധി എടുത്താണ് ഉന്നത പഠനത്തിനു പോയത്. യൂണിവേഴ്സിറ്റി കോളജില്‍ നിന്നും ബി.എ. (ഓണേഴ്സ്) ഒന്നാം റാങ്കോടെ ജയിച്ചതോടെ പാര്‍ട്ടി കുപ്പായം മാറ്റി അധ്യാപക കുപ്പായം അണിഞ്ഞു. കൊല്ലം എസ്.എന്‍. കോളേജില്‍ തുടങ്ങിയ അധ്യാപന വൃത്തി കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍ അധ്യാപകനായി അവസാനിച്ചു. ചെറുപ്പം മുതല്‍ എഴുത്തിലും സജീവമായിരുന്നു. ഭാരതത്തൊഴിലാളി എന്ന കയ്യെഴുത്ത് മാസികയില്‍ തുടങ്ങിയ സാഹിത്യ ജീവിതം ക്രമേണ മലയാള സാഹിത്യത്തെ മുറുകെ പിടിച്ച് കേരള സാഹിത്യത്തിലെ നാഴികകല്ലായി മാറുകയായിരുന്നു.
‘തിളച്ച മണ്ണില്‍ കാല്‍നടയായി’ എന്ന ആത്മകഥയായിരുന്നു അവസാനത്തെ കൃതി. മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്ത ഈ പുസ്തകത്തിന് വയലാര്‍ അവാര്‍ഡ് കൊടുക്കാനുള്ള നീക്കം കഴിഞ്ഞ വര്‍ഷം വിവാദത്തിലും പെട്ടു. അവാര്‍ഡു കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് നിര്‍ണ്ണയസമിതി അധ്യക്ഷന്‍ എം .കെ സാനു രാജിവെച്ചതായിരുന്നു കാരണം.
അഖിലേന്ത്യാ ദ്രാവിഡ ഭാഷാശാസ്ത്ര സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറി (1971), ലോക മലയാള സമ്മേളനത്തിന്റെ ജനറല്‍ സെക്രട്ടറി (1977), കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ്, യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫെഡറേഷന്റെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മോസ്കോ സര്‍വകലാശാല, ലെനിന് ഗ്രാഡ് യൂണിവേഴ്സിറ്റി, ടെക്സാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു.
കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാന്‍, സംസ്ഥാന സര്‍ക്കാരിന്റെ എഴുത്തച്ഛന് പുരസ്കാരം, മഹാകവി മൂലൂര്‍ അവാര്‍ഡ്, മഹാകവി പി. അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, എന്‍.വി. കൃഷ്ണവാര്യര്‍ അവാര്‍ഡ്, കുമാരനാശാന് അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം എന്നിവ ലഭിച്ചു. കണ്ണശ്ശരാമായണം (ബാല, യുദ്ധ, സുന്ദര, കിഷ്ക്കിന്ധാ കാണ്ഡങ്ങള്‍), ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍, ഗ്രാമീണ ഗായകന്, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, പ്രാചീന മലയാളം, കേരള പാണിനീയം, കേരള പാണിനീയ വിമര്‍ശം, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: