തിരുവനന്തപുരം: കള്ളിക്കാട് കുന്നില്‍ ശിവക്ഷേത്രം പൊളിച്ച് സ്ഥലം ജല അതോറിറ്റിക്ക് നല്‍കണമെന്ന് സിപിഎം. ജല അതോറിറ്റിക്ക് ക്ഷേത്രഭൂമി കൈയേറാന്‍ പ്രാദേശിക തലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കുകയാണ് പാര്‍ട്ടി. ക്ഷേത്രത്തിലെ ശിവരാത്രി പൂജ പോലീസിനെയും റവന്യൂ അധികൃതരെയും ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെയാണ് പാര്‍ട്ടി പുതിയ നീക്കവുമായി രംഗത്ത് വന്നത്. കാട്ടാക്കട, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, അരുവിക്കര, മാറനല്ലൂര്‍, വിളപ്പില്‍ശാല തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രഭൂമി കൈയേറാന്‍ ജല അതോറിറ്റിക്ക് ഒത്താശ ചെയ്യുകയാണ് സിപിഎം.
സ്വകാര്യ കമ്പനിക്കു സുതാര്യമല്ലാത്ത രീതിയില്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണ ചുമതല കൈമാറാനുള്ള തീരുമാനത്തിനു പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണം മുമ്പേ നിലനിന്നിരുന്നു. ക്ഷേത്രം തകര്‍ക്കാനുള്ള സിപിഎം നീക്കത്തിനു പിന്നിലും ഈ ലോബിയുടെ ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ സമരപരിപാടികളുമായി സിപിഎം രംഗത്തുവന്നത് ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സെക്രട്ടേറിയറ്റ് പടിക്കല്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി നേതാക്കള്‍ പ്രഖ്യാപിച്ചത് ക്ഷേത്രം പൊളിച്ച് മാറ്റി വാട്ടര്‍ ടാങ്ക് പണിയണമെന്നാണ്.
നെയ്യാര്‍ ഡാമിനടുത്ത് മരക്കുന്നത്ത് ജല അതോറിറ്റി നടപ്പാക്കാന്‍ പോകുന്ന കുടിവെള്ളപദ്ധതി തകര്‍ത്ത് സ്ഥലം കൈക്കലാക്കാനുള്ള ശ്രമം നടക്കുന്നു എന്ന വ്യാജപ്രചാരണമാണ് സിപിഎം അഴിച്ചുവിടുന്നത്. ക്ഷേത്ര ഭൂമി കൈയേറാനുള്ള ശ്രമം പ്രദേശത്തെ വിശ്വാസികള്‍ തടഞ്ഞതോടെയാണ് പാര്‍ട്ടിയെ കൂട്ട് പിടിച്ച് ഭൂമി കൈക്കലാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം.
മൂന്നു ദശാബ്ദമായി പൂജ നടക്കുന്ന കുന്നില്‍ മഹാദേവര്‍ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് സ്വാമി സത്യാനന്ദ സരസ്വതിയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നിലനില്‍ക്കെ ശിവരാത്രി പൂജ തടഞ്ഞ് പോലീസിനെ ഉപയോഗിച്ച് ഭൂമി കൈക്കലാക്കാനുള്ള റവന്യൂ അധികൃതരുടെ ശ്രമത്തെ വിശ്വാസികള്‍ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയാണ്.
നാല് പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കാന്‍ 120 എംഎല്‍ഡി ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി. എന്നാല്‍, നെയ്യാര്‍ഡാമിന് മീറ്ററുകള്‍ മാത്രം ദൂരമുള്ള സ്ഥലം പദ്ധതിക്കായി തെരഞ്ഞെടുത്തത് പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ്. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, നടപ്പാക്കാന്‍ സാധിക്കാത്ത പദ്ധതി ആരംഭിച്ച് ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: