കുളത്തൂപ്പുഴ(കൊല്ലം): കുളത്തൂപ്പുഴയില്‍ അടിക്കടി വെടിയുണ്ടകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് അനാസ്ഥയും പുറത്തു വരുന്നു. പലതവണ കുളത്തൂപ്പുഴ മേഖലയില്‍ വെടിക്കോപ്പുകളും വെടിയുണ്ടകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
മുന്‍പ് കുളത്തൂപ്പുഴ ആറ്റിന്കരയില് ഒരു ചാക്ക് വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇടമണ്ണില്‍ നിന്നും വെടിയുണ്ടയും തെന്മലയില് നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. ഈ ഘട്ടങ്ങളിലൊന്നും പോലീസിന്റെ അന്വേഷണം കൃത്യതയോടെയായിരുന്നില്ല എന്നാണ് ആരോപണം ഉയരുന്നത്. മധുരമീനാക്ഷി ക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ട തമിഴ്നാട്ടിലെ തീവ്രവാദികള്‍ കുളത്തൂപ്പുഴ കൂവക്കാട് തമ്പടിക്കുന്നുണ്ടെന്ന വിവരത്തില്‍ തമിഴ്നാട് ക്യൂ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.
തമിഴ്നാട്ടിലെ കൊടും ഭീകരന് പറവൈ ബാദുഷ താവളമടിച്ചതും കുളത്തൂപ്പുഴയ്ക്കടുത്തായിരുന്നു. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെ രഥയാത്രാ വഴിയില്‍ വധിക്കാന്‍ പൈപ്പ് ബോംബ് സ്ഥാപിച്ച കേസില്‍ ഉള്‍പ്പെട്ട തീവ്രവാദി ഈ മേഖലകളില്‍ ഒളിച്ചു താമസിച്ചതും ഞെട്ടിപ്പിച്ച മറ്റൊരു സംഭവമായിരുന്നു.
കുളത്തൂപ്പുഴ മേഖലയില്‍ മത തീവ്രവാദ പ്രസ്ഥാനങ്ങളുടെ സജീവമായ സാന്നിധ്യവും പ്രവര്‍ത്തനവുമുണ്ടെന്ന് നേരത്തെ സംശയമുയര്‍ന്നിരുന്നു. പാക് അനുകൂല തീവ്രവാദ പ്രസ്ഥാനങ്ങളാണധികവും. ഇപ്പോള്‍ കണ്ടെത്തിയ വെടിയുണ്ടകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ഇവ പാക്കിസ്ഥാന് ആയുധ നിര്‍മാണ ഫാക്ടറിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: