തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ വി.എസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ നേരത്തെ ഗവർണർ അനുമതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്.
ജനപ്രാതിനിധ്യ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ജനപ്രതിനിധികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി വേണം. യുഡിഎഫ് സർക്കാരിൽ ആരോഗ്യം അടക്കം സുപ്രധാന വകുപ്പുകൾ ശിവകുമാർ കൈകാര്യം ചെയ്തിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായ കാലം മുതല്‍ ശിവകുമാറിനെതിരെ വിജിലന്‍സിന്റെ ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. വിജിലന്‍സ് നടത്തിയ ഈ പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്കിയതും അഭ്യന്തര സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതും.
വിജിലൻസിന്റെ ആവശ്യപ്രകാരമാണ് അന്വേഷണത്തിന് അനുമതി നൽകുന്നതെന്ന് അഭ്യന്തരസെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകൾ നടത്തിയതും ബിനാമി പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതുമടക്കമുള്ള ആരോപണങ്ങളാണ് ശിവകുമാറിനെതിരെ ഉയർന്നിരിക്കുന്നത്. മന്ത്രിയായിരിക്കെ നടത്തിയ സ്ഥലം മാറ്റം അടക്കമുള്ള ഇടപാടുകളിൽ അഴിമതിയുണ്ടെന്ന ആരോപണം നേരത്തെ വിജിലൻസ് അന്വേഷിച്ച് തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: