ബെംഗളൂരു: അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് കാഴ്ചവൈകല്യമുള്ള കുട്ടികള്‍ക്ക് ബ്രെയില്‍ ലിപിയിലേക്ക് മൊഴിമാറ്റം ചെയ്ത ഇപബ്-മൂന്ന് ഫോര്‍മാറ്റിലുള്ള ടെക്സ്റ്റ് ബുക്കുകള്‍ വിതരണം ചെയ്യുമെന്ന് കര്‍ണാടക സര്‍ക്കാര്‍.
കാഴ്ചവൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നാഷണല്‍ ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് (എന്‍എഫ്ബി) കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ചിനു മുന്‍പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് ഹേമന്ത് ചന്ദന്‍ഗൗഡര്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
ഇതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് ഒരു സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2020 ഫെബ്രുവരി നാലിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പും കോടതിയില്‍ സമര്‍പ്പിച്ചു. ആദ്യഘട്ടത്തില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ബ്രെയില്‍ ലിപി ബുക്കുകള്‍ നല്‍കുന്നത്. സംസ്ഥാനത്ത് നിരവധി വിദ്യാര്‍ഥികളാണ് കാഴ്ചശക്തി ഇല്ലാത്തതു മൂലം പഠനം നടത്താന്‍ ബുദ്ധിമുട്ടുന്നത്.
ഭൂരിഭാഗം വിദ്യാര്‍ഥികളും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഇവര്‍ക്ക് വില കൂടിയ പഠന സാമഗ്രികള്‍ വാങ്ങാന്‍ സാധിക്കാറില്ല. ഇതിനാല്‍ പല കുട്ടികള്‍ക്കും വിദ്യാഭ്യാസവും ലഭിക്കുന്നില്ല. കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥികള്‍ സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലെന്നും, അവര്‍ക്കും സാധാരണ വിദ്യാര്‍ഥികളെ പോലെ തന്നെ പഠിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.
കര്‍ണാടകത്തില്‍ ഒരു ലക്ഷത്തിലധികം ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് നല്കുന്ന പദ്ധതിക്ക് പിന്നാലെയാണ് ഈ പദ്ധതി. വിവേകാനന്ദ ജയന്തി ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ലാപ്ടോപ്പുകള് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: