തിരുവനന്തപുരം: നിയമസഭ ചരിത്രത്തിലെ നാണക്കേടിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഭരണത്തലവന് ഗവര്‍ണര്‍, സഭാനാഥന് മുഖ്യമന്ത്രി, സഭാ അധ്യക്ഷന്‍ സ്പീക്കര്‍ എന്നിവരെ സഭയ്ക്കുള്ളില്‍ തടഞ്ഞു വയ്ക്കുക. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചും വെല്ലുവിളിച്ചും ബഹളമുണ്ടാക്കുക. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും കാറ്റില്‍ പറത്തുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രവൃത്തികള്‍.
ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്കെതിരെ സഭയ്ക്കുള്ളില്‍ പ്രതിഷേധമുയരുന്നത് പുതിയ കാര്യമല്ല. ഇവരുടെ പ്രസംഗങ്ങള്‍ തടസ്സപ്പെടുത്തുകയും മുദ്യാവാക്യം വിളിച്ചും ബാനര്‍ ഉയര്‍ത്തിയും എതിര്‍പ്പു രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ഉന്നത ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരെ സഭയില്‍ പ്രവേശിക്കുന്നതിന് വിലക്കുന്നത് ആദ്യം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയ കെ.എം. മാണിക്കു നേരെ ഉയര്‍ത്തിയ പ്രതിരോധമായിരുന്ന കീഴ്വഴക്കം. പക്ഷേ അന്ന് മാണി മന്ത്രി മാത്രമായിരുന്നു. എന്നാല്‍, ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരെ ഒരുമിച്ച് തടഞ്ഞത് സഭയോടുള്ള അനാദരവാണ്. ബഹളം വച്ച അംഗങ്ങളെ സ്പീക്കര്‍ക്ക് പുറത്താക്കാം.
സമരങ്ങളില്‍ പ്രാദേശിക നേതാക്കള്‍ കാട്ടുന്ന ആവേശമായിരുന്നു സഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ കാട്ടികൂട്ടിയത്. നിന്നും ഇരുന്നും കിടന്നും ഗവര്‍ണറെ തടഞ്ഞ എംഎല്‍എമാര്‍ സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതായി അഭിനയിച്ചു. ആരിഫ് ഖാനെ പുറത്താക്കണം എന്നു മാത്രമായിരുന്നു മുദ്യാവാക്യം. ഗവര്‍ണറുടെ പേരിലെ മുഹമ്മദ് ഒഴിവാക്കിയാണ് ലീഗ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചു കൊടുത്തത്.
വ്യക്തമായ പദ്ധതിയോ കൂടിയാലോചനയോ ഇല്ലാതെയായിരുന്നു പ്രതിപക്ഷത്തിന്റെ തടയല്‍ നാടകമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓരോ നടപടിയും. ലീഗിലെ യുവ സമാജികരുടെ ആവേശത്തിനനുസരിച്ച് തുള്ളുക മാത്രമായിരുന്നു രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍. പ്രസംഗം കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ ഗവര്‍ണറെ വീണ്ടും തടയുമെന്ന് പറഞ്ഞ് സഭാ കവാടത്തില്‍ കുറച്ചു നേരം ഇരുന്നെങ്കിലും ഗവര്‍ണര്‍ എത്തും മുന്‍പ് പോയി.
മുസ്ലീങ്ങളുടെ യഥാര്‍ഥ സംരക്ഷകര്‍ തങ്ങളാണെന്നു വരുത്താന്‍ വേണ്ടിയുള്ള വലിയ നാടകത്തിന്റെ ഭാഗമായിരുന്നു സഭയില്‍ നടന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയില്‍ കേസ് കൊടുക്കുകയും ചെയ്ത തങ്ങളാണ് യഥാര്‍ഥ രക്ഷകരെന്ന് വരുത്താന്‍ സിപിഎം ശ്രമിച്ചിരുന്നു. അന്ന് വലിയ ക്ഷീണം നേരിട്ടതോടെയാണ് ഗവര്‍ണറെ തടഞ്ഞും തങ്ങളാണ് മുസ്ലിം സംരക്ഷകരെന്ന് കാണിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതിന്റെ ഫലമായി നിയമസഭ നാണംകെട്ടു. മനുഷ്യ ശൃംഖലയടക്കം തെരുവ് സമരങ്ങളും ഇതിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: