തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായുള്ള നിയമ ലംഘനങ്ങള്‍ക്കും തന്നിഷ്ടങ്ങള്‍ക്കും ശക്തമായ താക്കീതു നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോകോള്‍ ലംഘനം നടത്തുകയാണെന്നും താന്‍ വെറുമൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ തന്നെ അറിയിക്കാതെ, സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനൊരുങ്ങിയതുമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.
ഞാന്‍ റബ്ബര്‍ സ്റ്റാമ്പല്ല, നിര്‍വഹിക്കുന്നത് ഭരണഘടനാ ബാധ്യതകളാണ്. അക്കാര്യത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും ഇല്ല. ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.ആവശ്യത്തിന് സമയമെടുത്ത് മനസ്സാക്ഷിക്കനുസരിച്ച് ഫയലുകളില്‍ തീരുമാനമെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ സര്‍ക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. അവയ്ക്ക് ഉത്തരം ലഭിക്കണം. സംശയങ്ങള്‍ പരിഹരിച്ചാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടും അതിന് തനിക്ക് സമയം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുമ്പോള്‍ അവ പൊതുസമൂഹവുമായി ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നത് സത്യപ്രതിജ്ഞയുടെ ഭാഗമാണ്. അക്കാര്യം ഞാന്‍ പാലിക്കുന്നു. എന്നാല്‍, മന്ത്രിമാരോ മറ്റുള്ളവരോ അത് പാലിക്കുന്നുണ്ടോ? അദ്ദേഹം ചോദിച്ചു.
പട്ടികജാതി, വര്‍ഗക്കാരുടെ സംവരണം സംബന്ധിച്ചും ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് നിയമസഭയിലും ലോക്സഭയിലും ഉണ്ടായിരുന്ന പ്രാതിനിധ്യം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു നിയമസഭയുടെ പ്രത്യേക സമ്മേളനം കൂടാന്‍ ഡിസംബര്‍ 31ന് ഗവര്‍ണറില്‍ നിന്നും സര്‍ക്കാര്‍ അനുതി വാങ്ങിയത്. എന്നാല്‍, ഗവര്‍ണറെ കബളിപ്പിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ച് പാസാക്കി. മാത്രമല്ല ഗവര്‍ണറോട് ആരായാതെ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയും നല്കി.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്കാന് പാടില്ലെന്നിരിക്കെ സുപ്രീംകോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നാല്‍ സംസ്ഥാനത്തെ ഭരണത്തലവന് എന്ന നിലയില്‍ ഗവര്‍ണര്‍ക്കും അത് നാണക്കേടാകും. ഇതിനു പിന്നാലെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു വാര്‍ഡുവീതം വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ രംഗത്ത് വന്നത്. ഇതും നിയമ വിരുദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: