കൊച്ചി : ഞങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ്. എവിടെയാണെന്ന് ബോംബ് വെച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറയണമെന്ന് പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും. ആദ്യമായി പ്രതികളെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കി മടങ്ങവേ മാധ്യമ പ്രവര്‍ത്തകരോടാണ് ഇരുവരും ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
എന്തുകൊണ്ടാണ് മുഖ്യമന്ത്രി തങ്ങളെ മാവോയിസ്റ്റെന്ന് വിളിക്കുന്നതെന്ന് അറിയില്ല. ഞങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കു വേണ്ടി പോസ്റ്ററൊട്ടിക്കാനും കൊടിപിടിക്കാനും തങ്ങള്‍ പോയിട്ടുണ്ട്. മാവോയിസ്റ്റെന്ന് വീണ്ടും വിളിക്കുകയാണെങ്കില്‍ അത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് അറിയില്ലെന്ന് അലനും താഹയും അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രി തന്നെ തെളിയിക്കണം. ഞങ്ങള്‍ എവിടെയാണ് ബോംബ് വെച്ചിട്ടുള്ളതെന്നും, ആരെയാണ് കൊന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അലന് പറഞ്ഞു.
എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ കേസില്‍ ഇത് ആദ്യമായാണ് വിചാരണക്കായി അലനേയും താഹയേയും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ അടുത്തമാസം 14 വരെ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതുകൂടാതെ ഇരുവരേയും തൃശൂര്‍ അതീവ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. താഹയുടെ ദന്ത ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തുടരാനും കോടതി ഉത്തരവിട്ടു. അതേസമയം ഇരുവരേയും പ്രത്യേകം ചോദ്യം ചെയ്യുന്നതിനായി ഒരാഴ്ച വിട്ടികിട്ടണമെന്ന എന്‍ഐഎയുടെ ഹര്‍ജി കോടതി നാളെ പരിഗണിക്കും.
അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ സീതാറാം യച്ചൂരിയും പ്രകാശ്കാരാട്ടുമടക്കമുള്ള നേതാക്കള്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. എന്നാല്‍ പിണറായി ഇരുവരും മാവോയിസ്റ്റാണെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. പാര്‍ട്ടിയും സര്‍ക്കാരും യുഎപിഎയ്ക്കെതിരാണെങ്കിലും കോഴിക്കോട്ടെ കേസില്‍ വ്യക്തമായ തെളിവുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: