തിരുവനന്തപുരം : തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള സര്‍ക്കാരിന്റെ നടപടി സെന്‍സസ് കമ്മീഷന്റേയും റിപ്പോര്‍ട്ടിനേയും മറികടന്ന്. 2019 ഡിസംബര്‍ 31ന് ശേഷം വാര്‍ഡുകളുടെ അതിര്‍ത്തി മാറ്റരുതെന്ന് സെന്‍സസ് കമ്മിഷണര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഇത് മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം നടത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ നിയമവശം പരിശോധിച്ചശേഷം ഒപ്പിടാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചെന്ന വിധത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതോടെയാണ് സെന്‍സസ് കമ്മിഷന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. അതിനുമുമ്പ് വാര്‍ഡുവിഭജനം പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2021 ജനുവരി ഒന്നിന് പുതിയ സെന്‍സസ് പ്രാബല്യത്തില്‍ വരും. ഇതിന് മുമ്പ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരരുതെന്ന് സെന്‍സസ് കമ്മീഷണര്‍ കത്ത് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ നവംബര്‍ ആറിനാണ് ചീഫ്സെക്രട്ടറിക്ക് ഈ കത്ത് ലഭിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് സെന്‍സസുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയ്യാറായേക്കും. അതേസമയം സെന്‍സസ് കമ്മിണറുടെ കത്ത് മറികടന്ന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയാല്‍ തന്നെ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്.
2019 ഡിസംബര്‍ 26നാണ് വാര്‍ഡ് വിഭജനത്തിനുള്ള കരട് ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി ഗവര്‍ണര്‍ക്ക് അയച്ചത്. എന്നാല്‍ ഇതിന്റെ നിയമവശം പരിശോധിച്ചശേഷം നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഇതിനോടകം ഗവര്‍ണര്‍ ഒപ്പ് വെയ്ക്കാത്തതിനാല്‍ ഇത് നിയമമാക്കാനും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതിനാല്‍ വിഷയത്തില്‍ നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ജനുവരി അവസാനം നിയമസഭ ചേരാനിരിക്കയാണ്. ആ സമയത്ത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വേണമോയെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: