ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് തിരികെ എത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാരും സുരക്ഷാ സൈന്യവും. ജനങ്ങളുമായി സംവദിക്കുന്നതിനായി പ്രധാനപ്പെട്ട മന്ത്രിമാരെ കശ്മീരിലേക്ക് അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാര്‍ താഴ്വരയില് സന്ദര്‍ശനം നടത്തി ജനങ്ങളുമായും രാഷ്ട്രീയ നേതാക്കളുമായും വിവിധ സംഘടനാ പ്രതിനിധികളുമായും മാധ്യമങ്ങളുമായും ചര്‍ച്ച നടത്തും. കശ്മീരിലെ ഭീകര സാന്നിധ്യത്തിലും വലിയ അളവില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ കശ്മീരിലെത്തി രണ്ടു ദിവസം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. യുഎന്‍ രക്ഷാസമിതി കശ്മീര്‍ വിഷയത്തില്‍ യോഗം ചേരുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎസ് നയതന്ത്ര പ്രതിനിധിയെ അടക്കം കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെത്തിച്ചത്. ഇതിന് പിന്നാലെ ഇന്നലെ ന്യൂയോര്‍ക്കില്‍ യുഎന്‍ രക്ഷാസമിതി യോഗം ചേര്‍ന്നു. ചൈനയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി യുഎന്‍ രക്ഷാസമിതി യോഗം ചേര്‍ന്നത്. കഴിഞ്ഞ ആഗസ്തിലും യുഎന്‍ രക്ഷാസമിതി കശ്മീര്‍ വിഷയം പരിഗണിച്ചെങ്കിലും ഇന്ത്യയുടെ നയതന്ത്ര നീക്കത്തെ തുടര്‍ന്ന് ചൈനയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കശ്മീര്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഉഭയകക്ഷി പ്രശ്നമെന്നായിരുന്നു രക്ഷാസമിതി നിലപാട്. ചൈനയ്ക്ക് പുറമേ രക്ഷാസമിതി അംഗങ്ങളായ യുഎസ്, ഫ്രാന്‍സ്, റഷ്യ, യുകെ എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഫ്രാന്‍സ് തന്നെയാണ് ഇത്തവണയും ഇന്ത്യന്‍ നിലപാടുകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: