ഇടുക്കി: ഒരു തീര്‍ത്ഥാടന കാലത്തെ കണ്ണീരിലാഴ്ത്തിയ പുല്ലുമേട് ദുരന്തത്തിന് നാളെ ഒന്‍പത് വയസ്സ്. 102 തീര്‍ത്ഥാടകരുടെ ജീവന് നഷ്ടപ്പെട്ട ദുരന്തം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ദുരന്തത്തിലെ നിഗൂഢതകള്‍ നീക്കാന്‍ ഇതുവരെയും പോലീസിനായിട്ടില്ല.
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വള്ളക്കടവ് ഉപ്പുപാറയില്‍ ആണ് ദുരന്തമുണ്ടായ സ്ഥലം. നിലവില്‍ ഇതുവഴിയുള്ള പ്രവേശനം നിരോധിച്ചു. 2011 ജനുവരി 14ന് രാത്രി 7.30 ഓടെ മകരജ്യോതി കണ്ട് മടങ്ങിയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. വാഹനം പ്രവേശിക്കാതിരിക്കാന്‍ കുത്തിറക്കത്തിലിട്ട ചങ്ങലയില്‍ തട്ടി തീര്‍ത്ഥാടകര്‍ വീണാണ് അപകടമുണ്ടായത്. ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിലും, ഹൃദയത്തിലും തറച്ചാണ് ഏറെപ്പേരും മരണത്തിനിരയായത്. മൂന്ന് ലക്ഷത്തിലധികം അയ്യപ്പഭക്തര്‍ അന്ന് ഇവിടെ എത്തിയതായാണ് കണക്കുകള്‍ പറയുന്നത്. വെളിച്ചമില്ലാത്തതും ആവശ്യത്തിന് പോലീസുകാര്‍ ഇല്ലാതിരുന്നതുമാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്.
ആദ്യം കുമളി പോലീസ് അന്വേഷിച്ച കേസ് പിന്നീട് കോട്ടയം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും വ്യാപകമായ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. മറിഞ്ഞ നിലയില്‍ കണ്ടെത്തിയ ഒരു ബൈക്ക് അപകടത്തിന്റെ തോത് വര്‍ധിപ്പിച്ചതായി അന്ന് കണ്ടെത്തിയിരുന്നു. ഈ ബൈക്കിന്റെ യഥാര്‍ത്ഥ ഉടമയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ദുരന്തത്തിന് കാരണം സര്‍ക്കാര്‍ വകുപ്പുകളുടെ ഗുരുതര വീഴ്ചയാണെന്ന് ജസ്റ്റിസ് എന്‍.ആര്. ഹരിഹരന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ടിലും ആദ്യം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍, സംഭവത്തില്‍ ആര്‍ക്കെതിരെയും നടപടിയുണ്ടായിട്ടില്ല. മകരജ്യോതി കാണുന്നതിനായി രണ്ട്-നാല് ലക്ഷത്തിനിടയില്‍ 2011ല്‍ വരെ ആളുകളെത്തിയിരുന്നുവെങ്കില്‍ ഇന്ന് അത് 10,000 ല്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം കോട മൂടിയത് മൂലം പുല്ലുമേട്ടില്‍ മകര ജ്യോതി കാണാന്‍ സാധിച്ചിരുന്നില്ല. ഇത് തീര്‍ത്ഥാടകരുടെ വരവിനെ കുറയ്ക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാരും വ്യാപാരികളും. 15നാണ് മകരവിളക്ക്. സര്‍ക്കാര്‍ വലിയ തോതിലുള്ള സംവിധാനം ഒരുക്കുമ്പോഴും തീര്‍ത്ഥാടകര്‍ പുല്ലുമേടിനെ കൈയൊഴിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: