ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ചതിനാല്‍ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പാണാവള്ളി പഞ്ചായത്തിന് അടയ്ക്കാനുള്ളത് 48 ലക്ഷത്തിന്റെ നികുതി കുടിശിക. സുപ്രീംകോടതി ഉത്തരവ് പ്രകാരം റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ പഞ്ചായത്ത് അധികൃതര്‍. 54 വില്ലകളുള്ള ഏഴു നക്ഷത്ര കാപികോറിസോര്ട്ട് നിര്‍മാണം തുടങ്ങിയത് 2006ലാണ്.
സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറി കായലില്‍നിന്ന് ഒരു മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് റിസോര്‍ട്ട് പണിതത്. 2007ല്‍ പഞ്ചായത്ത് പെര്‍മിറ്റ് അനുവദിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കാന്‍ 2013 ജൂലൈയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയും ഹൈക്കോടതി വിധി ശരിവച്ചു. പാണാവള്ളി പഞ്ചായത്തിന് കെട്ടിട നികുതിയിനത്തില്‍ 48 ലക്ഷത്തിലേറെ രൂപയാണ് കുടിശിക. പണമടയ്ക്കണമെന്ന് പഞ്ചായത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും ഉടമകള്‍ തയാറായില്ല. തുടര്‍ന്ന് ഓണ്‍ലൈനില്‍ റവന്യൂ റിക്കവറി നോട്ടീസ് അയച്ചു. ഇതിനോടും ഉടമകള്‍ പ്രതികരിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
കാപികോ റിസോര്‍ട്ട് കൈവശമുണ്ടെന്ന് അവകാശപ്പെട്ട 7.0212 ഹെക്ടര്‍ ഭൂമിയില്‍ 2.0397 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു. 1957ലെ ഭൂവിനിയോഗ നിയമപ്രകാരം സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നവര്‍ക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ലഭിക്കും. ഇതിനു പുറമെയാണ് കായലും തണ്ണീര്‍ത്തടവും കൈയേറിയതിനുള്ള നിയമ നടപടികള്‍. തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നികത്തിയ പ്രദേശം പൂര്‍വസ്ഥിതിയിലാക്കുക ഉടമയുടെ ഉത്തരവാദിത്വമാണ്. ഇതിനു വീഴ്ച വരുത്തിയാല്‍ നടപടി നേരിടേണ്ടി വരും.
കൈവശമുള്ളത് 7.0397 ഹെക്ടറെന്നാണ് റവന്യൂ വകുപ്പിന് കാപികോ നേരത്തെ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ 11.5 ഹെക്ടറിലേറെ സ്ഥലത്താണ് റിസോര്‍ട്ടുകള്‍ നിര്‍മിച്ചത്. ഇതില്‍നിന്നുതന്നെ കായലും തണ്ണീര്‍ത്തടവും കൈയേറിയെന്ന് വ്യക്തം. ഈ സാഹചര്യത്തില്‍ തണ്ണീര്‍ത്തടം നികത്തല്‍, കായല്‍ കൈയേറ്റം, സര്‍ക്കാര്‍ ഭൂമി കൈയേറല്‍ എന്നിവയ്ക്കു പുറമെ കെട്ടിട നികുതി കുടിശിക വരുത്തിയതിനുള്ള നിയമ നടപടികളും റിസോര്‍ട്ട് ഉടമകള്‍ നേരിടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: