ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് ഒരു പൊന്‍തൂവല്‍കൂടി. ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റിന്റെ (എല്‍സിഎ) നേവി വേരിയന്റായ തേജസ് പോര്‍വിമാനം വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ഇത് ആദ്യമായാണ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍ തേജസ് ലാന്‍ഡ് ചെയ്യുന്നത്. ഈ ചരിത്രനേട്ടത്തിലൂടെ റഷ്യ, അമേരിക്ക, ഫ്രാന്‍സ്, യുകെ, ചൈന എന്നിവയ്ക്ക് ശേഷം ഒരു വിമാനവാഹിനിക്കപ്പലില്‍ വിമാനം ലാന്‍ഡിങ് ശേഷി നേടിയ ആറാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.
ഇന്ന് രാവിലെ 10 മണിയോടെയാണ് അറബിക്കടലില്‍ നിലയുറപ്പിച്ചിരുന്ന വിക്രമാദിത്യ എന്ന വിമാനവാഹിനിക്കപ്പലിന്റെ ഡെക്കിലേക്ക് തേജസ് വിജയകരമായി പറന്ന് ഇറങ്ങിയത്. 83 അധിക തേജസ് വിമാനങ്ങള്‍ക്ക് വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ എയര്‍ വേരിയന്റിന് വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉഗ്ര സ്ഫോടനശേഷിയുള്ള ബോംബുകളുപയോഗിച്ച് പരമ്പരാഗതമായി ആക്രമിക്കാനും കഴിയും.
അതേസമയം 2016 ഡിസംബറില്‍ അമിതഭാരമുള്ളതിനാലും കാരിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതുമായതിനാല് യുദ്ധവിമാനം ഉള്‍പ്പെടുത്താനാകില്ലെന്ന് നാവികസേന പ്രഖ്യാപിച്ചിരുന്നു. വളരെ ഭാരമുള്ള യുദ്ധവിമാനം ഒരു വിമാനവാഹിനിക്കപ്പലില്‍ നിന്ന് പൂര്‍ണ്ണ ഇന്ധനവും ആയുധഭാരവുമായി ഉയരാന്‍ സാധിക്കില്ലെന്നും അന്നത്തെ നേവി ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ പറഞ്ഞു. എന്നാല്‍, ഞങ്ങള്‍ തദ്ദേശീയവല്‍ക്കരണത്തിന് പ്രതിജ്ഞാബദ്ധരാണ്. എല്‍സിഎ നേവി പദ്ധതിയെ ഞങ്ങള്‍ പിന്തുണച്ചിട്ടുണ്ട്, ഞങ്ങള്‍ തുടര്‍ന്നും അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: