ഒമാന്‍: പുതിയ ഭരണാധികാരിയെ തെരെഞ്ഞെടുത്ത് ഒമാന്‍. ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദ് ഒമാന്റെ പുതിയ ഭരണാധികാരികാരിയാകും. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് അധികാര കൈമാറ്റം. ഒമാന്‍ സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജകുടുംബത്തിന്റെ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് ഹൈതം ബിന്‍ താരിഖ് അല്‍ സൈദിനെ പുതിയ സുല്‍ത്താനാക്കാന്‍ തീരുമാനമെടുത്തത്. തെരെഞ്ഞെടുത്തതിന് പിന്നാലെ അദ്ദേഹം ഫാമിലി കൗണ്‍സിലില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അറുപത്തിയഞ്ച് വയസ്സുകാരനായ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദ് ഒമാന്‍ വിദേശകാര്യ സെക്രട്ടറി ജനറലായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന്റെ ആദ്യ തലവനുമായിരുന്നായിരുന്ന അദ്ദേഹം പൊതുവേ ഒരു കായിക പ്രേമിയായാണ് അറിയപ്പെട്ടിരുന്നത്.
സുല്‍ത്താന്‍ മരിച്ചാല്‍ മൂന്ന് ദിവസത്തിനകം പിന്‍ഗാമി അധികാരത്തിലേറണം എന്നാണ് ഒമാന്‍ നിയമം. ഒമാന്‍ ഡിഫന്‍സ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹൈതം ബിന്‍ താരിഖ് അല്‍ സൈദിനെ സുല്‍ത്താനായി ഫാമിലി കൗണ്‍സില്‍ തെരെഞ്ഞെടുത്തിരിക്കുന്നത്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: