തിരുവനന്തപുരം: കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ ഉണ്ടായത് തീവ്രവാദ ആക്രമണമെന്ന് തമിഴ്നാട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനായി തമിഴ്നാട് ഡിജിപി കേരളത്തിലെത്തി. കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്ന് തമിഴ്നാട് പോലീസ് കണ്ടെത്തിയിരുന്നു.
കന്യാകുമാരി സ്വദേശികളായ തൗഫീക്, അബ്ദുള്‍ ഷമീം എന്നിവരെയാണ് സംശയിക്കുന്നത്. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരുടെ സംഘം തീവ്രവാദ അക്രമത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നെന്ന് തമിഴ്നാട് പോലീസ് വ്യക്തമാക്കി. തുടര്‍ന്നാണ് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്നാട് ഡിജിപി തിരുവനന്തപുരത്തെത്തിയത്. പ്രതികള്‍ കേരളത്തിലേക്കാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നും തമിഴ്നാട് പോലീസിന്റെ ക്യൂബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികള്‍ കേരളത്തിലേക്ക് കടന്നെന്ന് തമിഴ്നാട് സ്ഥിരീകരിച്ചതോടെ കേരള പോലീസും അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ചെക്ക്പോസ്റ്റില്‍ വെടിവയ്പുണ്ടായത്. അതിര്‍ത്തിയിലെ ചെക് പോസ്റ്റില്‍ ഡ്യൂട്ടിക്ക് നില്‍ക്കുകയായിരുന്നു വില്‍സണ്‍. റോഡിലൂടെ നടന്നുവന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നാല് തവണ വെടിയുതിര്‍ത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമികള്‍ ഓടി രക്ഷപെടുകയും ചെയ്തു. വില്‍സണെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനകം മരിച്ചു. നാല് മാസം കഴിഞ്ഞാല്‍ വിരമിക്കാനിരിക്കെയാണ് മാര്‍ത്താണ്ഡം സ്വദേശിയായ വില്‍സന്റെ ദാരുണാന്ത്യം. കന്യാകുമാരി കലക്ടറും എസ്പിയും ഉള്‍പ്പെടെ ഉള്ളവര്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: