തലശ്ശേരി: ഭാരതത്തെ വെട്ടിമുറിക്കാനുള്ള മതഭീകരവാദികളുടെ പരിശ്രമത്തിന് കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കൂട്ടുനില്‍ക്കുകയാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. തലശ്ശേരിയില്‍ രാഷ്ട്രരക്ഷാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കലാപം വലിയ തോതിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കാലങ്ങളായി നടന്ന ആസൂത്രണത്തിന്റെ തുടര്‍ച്ചയാണിത്. സംഘടിത വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിടുന്നവര്‍ രാഷ്ട്രസുരക്ഷയെകുറിച്ച് ധാരണയില്ലാതെ അതിന് കൂട്ട് നില്‍ക്കുകയാണ്, നന്ദകുമാര്‍ പറഞ്ഞു.
1947ലെ വിഭജനകാലത്തും ഇതേ മാര്‍ക്സിസ്റ്റും കോണ്‍ഗ്രസ്സും മുസ്ലിം സംഘടനകളും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. ഇന്നും മറ്റൊരു വിഭജനത്തിനുള്ള പരിശ്രമമാണ് നടക്കുന്നത്. എന്നാല്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു കാര്യം 1947ല്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു പോലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ശക്തിയുണ്ടായിരുന്നില്ല. ഇന്ന് ദേശീയ പ്രസ്ഥാനങ്ങള്‍ ശക്തമായതിനാല്‍
രാഷ്ട്രവിരുദ്ധ ശക്തികളുടെ നീക്കം നടപ്പാക്കാന്‍ സാധിക്കില്ല. ശുദ്ധ നുണയുടെ അടിസ്ഥാനത്തില്‍ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ച് അക്രമത്തിന് കോപ്പുകൂട്ടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പൗരത്വ നിയമ ഭേദഗതി മൂന്ന് രാജ്യങ്ങളിലെ പൗരന്മാരെ മാത്രം ബാധിക്കുന്നതാണ്. ഭാരതത്തിലെ ഒരു പൗരനെയും ബാധിക്കുന്നതല്ല പൗരത്വ നിയമ ഭേദഗതി. ഈ പരമാര്‍ത്ഥം മറച്ച് വെച്ചാണ് ഭാരതത്തിലെ മത ന്യൂനപക്ഷങ്ങളുടെ പൗരത്വം എടുത്ത് കളയാനുള്ള നീക്കമാണെന്ന് വ്യാപകമായ പ്രചാരണം നടത്തുന്നത്. അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ് ചില സ്ഥലങ്ങളില്‍ കലാപം നടത്തുന്നത്.
മതഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് വളരാന്‍ ഏറ്റവും കൂടുതല്‍ വെള്ളവും വളവും നല്കുന്ന സംസ്ഥാനമാണ് കേരളം. ഭാരത രാഷ്ട്രീയത്തില്‍ ക്യാന്‍സറായ പോപ്പുലര്‍ ഫ്രണ്ട് ഉണ്ടായത് കേരളത്തില്‍ നിന്നാണ്. സിമി നിരോധിക്കപ്പെട്ടപ്പോള്‍ എന്‍ഡിഎഫും പിന്നീട് പോപ്പുലര്‍ ഫ്രണ്ടുമുണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായമൊരുക്കിയത് കേരളമാണ്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ ആകര്‍ഷിച്ച് റിക്രൂട്ട് ചെയ്യുന്നത് ഇത്തരം സംഘടനകളാണ്. എന്നാല്‍ ഇത്തരത്തില്‍ സ്വാധീനിക്കപ്പെട്ട യുവാക്കള്‍ വലിയ മാനസിക തകര്‍ച്ചയുടെ വക്കിലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാകുന്നത്.
മോദി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി കൊണ്ടുവരുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുക ഗാന്ധിജിയുടെയും അംബേദ്കറുടെയും ഹൃദയമാണ്. വിഭജനകാലത്ത് പാക്കിസ്ഥാനിലകപ്പെട്ട ന്യൂനപക്ഷങ്ങളെക്കുറിച്ച് അവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. അംബേദ്കറുടെ ആശങ്ക ശരിവയ്ക്കുന്നതാണ് പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ന്യൂനപക്ഷങ്ങളുടെ ജീവിത സാഹചര്യം. അവരെ ഭാരതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് നെഹ്റുവിനോട് ആവശ്യപ്പെട്ടിരുന്നു. മേലില്‍ അത്തരം സാഹചര്യമുണ്ടാകാതിരിക്കാനുള്ള ഉചിതമായ തീരുമാനമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും എല്ലാ വിഭാഗം ജനങ്ങളും ഇതിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി സംസാരിച്ചു. വി. ശശിധരന് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ആര്. ജയപ്രകാശ് സ്വാഗതവും ശ്യാം മോഹന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: