കോട്ടയം: ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കുട്ടനാട് സീറ്റിനായി കേരള കോണ്‍ഗ്രസില്‍ പോര് മുറുകി. സീറ്റിനായി ജോസ്, ജോസഫ് വിഭാഗങ്ങള്‍ അവകാശവാദം ഉന്നയിച്ചതോടെ യുഡിഎഫ് വെട്ടിലായി.
പാലായിലേതു പോലത്തെ ഫലം കുട്ടനാട്ടിലും സംഭവിക്കുമോയെന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം. 2011ല്‍ പാര്‍ട്ടിക്ക് മത്സരിക്കാന്‍ അനുവദിച്ച പുനലൂര്‍ സീറ്റ് ചില നീക്കുപോക്കുകളില്‍ കോണ്‍ഗ്രസിനു വേണമെന്നു വന്നപ്പോഴാണ്, കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫുമായി ചര്‍ച്ച ചെയ്ത് പുനലൂരിനു പകരം കുട്ടനാട് സീറ്റ് എടുത്തതെന്നാണ് ജോസ് കെ. മാണി പറഞ്ഞത്. അതുകൊണ്ട് കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം നേതൃയോഗത്തില്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ജേക്കബ് തോമസിനെ കൂട്ടാനായത് ജോസഫ് വിഭാഗത്തിന് പ്രതീക്ഷ നല്കുന്നു. പാലായ്ക്ക് അവകാശവാദം ഉന്നയിച്ച ജോസഫിന് ഒടുവില്‍ വഴങ്ങേണ്ടി വന്നു. എന്നാല്‍, കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ ജോസഫ് ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറാകില്ല.
ജോസഫ് വിഭാഗത്തിന് സീറ്റ് കിട്ടിയാല്‍ തന്നെയും പാലായിലെ തോല്‍വിക്ക് ജോസ് പക്ഷം പകരം വീട്ടാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടനാട് സീറ്റ് യുഡിഎഫിന് പുതിയ തലവേദനയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: