കൊല്ലം: ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തത്തെ അപമാനിച്ചും അപഹസിച്ചും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖപ്രസിദ്ധീകരണമായ വിജ്ഞാന-കൈരളിയിലാണ് അക്കിത്തത്തെ അഭിനവ ധൃതരാഷ്ട്രരെന്ന് വിശേഷിപ്പിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്.
വിജ്ഞാനകൈരളിയുടെ എഡിറ്റര്‍ സ്ഥാനത്തിരിക്കുന്ന സി. അശോകന് എന്ന ആളുടേതാണ് വികൃതമായ വ്യാഖ്യാനങ്ങള്‍ നിറഞ്ഞ ലേഖനം. ഹിന്ദുത്വ ഫാഷിസത്തിന്റെ വിഷാന്ധത ബാധിച്ച അഭിനവ ധൃതരാഷ്ട്രരായി മാറിയ അക്കിത്തത്തിന്റെ പ്രവര്‍ത്തനത്തെക്കാള്‍ ഭേദം തമസ്സാണെന്നാണ് ലേഖകന്റെ കണ്ടെത്തല്‍. മഹാകവിയുടെ ഇതിഹാസ കാവ്യമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ വരികളെ തന്റെ ക്ഷുദ്രരാഷ്ട്രീയത്തിന് ചേരുംവിധം വികൃതമാക്കി ചിത്രീകരിക്കുകയാണ് വിജ്ഞാനകൈരളിയുടെ എഡിറ്റര്‍.
കേരളം ആദരിക്കുന്ന വരിഷ്ഠനായ മഹാകവിയെ പഴയ പൗരോഹിത്യത്തെയും ബ്രാഹ്മണ്യത്തെയും തിരികെക്കൊണ്ടുവരാന്‍ പരിശ്രമിച്ച ആളെന്നും കുറ്റപ്പെടുത്തലുണ്ട്. മഹാകവി, തപസ്യയുടെ അധ്യക്ഷനും രക്ഷാധികാരിയുമായിരുന്നതിന്റെ അസഹിഷ്ണുതയാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖപ്രസിദ്ധീകരണത്തിന്റെ എഡിറ്ററെ പ്രകോപിപ്പിച്ചത്.
പൊതുഖജനാവില്‍ നിന്ന് പണം മുടക്കി പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളി രാഷ്ട്രീയ അസഹിഷ്ണുത ബാധിച്ചവരുടെ ദുര്വ്യാഖ്യാനങ്ങള്ക്കിടം നല്‍കുന്നത് നേരത്തെയും വിമര്‍ശനത്തിനിട വരുത്തിയിട്ടുണ്ട്. മഹാകവി അക്കിത്തത്തെപ്പോലെ, സര്‍വരും ആദരിക്കുന്ന ഒരു വ്യക്തിത്വത്തെ അഭിനന്ദിക്കാനെന്ന മട്ടില്‍ അപമാനിക്കാനാണ് വിജ്ഞാന കൈരളിയുടെ ശ്രമം എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: