ന്യൂദല്‍ഹി: ശബരിമല പുനപ്പരിശോധനാ ഹര്‍ജികള്‍ ഈ മാസം 13ന് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനം. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബെഞ്ചിലെ മറ്റംഗങ്ങള്‍ സംബന്ധിച്ച പട്ടിക രണ്ടു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും.
ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗഗോയ്, ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ ഭൂരിപക്ഷ വിധിപ്രകാരമാണ് മതാചാരങ്ങള്‍ സംബന്ധിച്ച വിശാല ഭരണഘടനാ ബെഞ്ചിലേക്ക് ശബരിമല കേസ് വിട്ടത്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും റോഹിങ്ടണ്‍ നരിമാനും യുവതീ പ്രവേശന വിധി പുനപ്പരിശോധിക്കില്ലെന്നും നവംബര്‍ 14ന് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു.
രണ്ടിനെതിരെ മൂന്നുപേരുടെ ഭൂരിപക്ഷവിധിയോടെ യുവതീപ്രവേശന വിഷയം വിശാല ബെഞ്ചിലേക്ക് പോയെങ്കിലും വിധിക്ക് സ്റ്റേയില്ലെന്ന് ജസ്റ്റിസുമാരായ ചന്ദ്രചൂഡും രോഹിങ്ടണ്‍ നരിമാനും മറ്റു കേസുകള്‍ പരിഗണിക്കവേ ആവര്‍ത്തിച്ചത് വിവാദമായിരുന്നു. എന്നാല്‍ പുതിയ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ വിധിക്ക് സ്റ്റേയുണ്ടെന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത് ശ്രദ്ധേയമായി. 2018 സപ്തംബര്‍ 28ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ യുവതീപ്രവേശന വിധി ഒന്‍പതംഗ വിശാല ബെഞ്ച് പരിഗണിക്കുമ്പോള്‍ വിശ്വാസവും പ്രതിഷ്ഠയുടെ അവകാശങ്ങളും തന്നെയാവും പ്രധാന വിഷയം.
സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍
- ഭരണഘടന പൗരന്മാര്ക്ക് ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യവും ലിംഗസമത്വവും തമ്മില്‍ ഭിന്നത ഉണ്ടായാല്‍ സ്വീകരിക്കേണ്ട നിലപാടെന്ത്?
- ഭരണഘടനയുടെ 25(1)ല്‍ പറയുന്ന ധാര്‍മികത അടക്കമുള്ളവയുടെ നിര്‍വചനമെന്ത്?
- ഭരണഘടനാ ധാര്‍മ്മികതയും മതവിശ്വാസങ്ങളും വിരുദ്ധമായാല്‍ സ്വീകരിക്കേണ്ട നിലപാടെന്ത്?
- ഒഴിച്ചുകൂടാനാവാത്ത ആചാരമെന്ന് ഒരുമതവിഭാഗം പറയുന്ന വിശ്വാസത്തില്‍ കോടതിക്ക് ഇടപെടാനാവുമോ; ഒരുമതവിഭാഗത്തിന്റെ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് ആ മതത്തിന്റെ അധികാരി മാത്രമാണോ?
- ഹിന്ദു വിഭാഗങ്ങള്‍ എന്നതില്‍ ആരൊക്കെ ഉള്‍പ്പെടുന്നുണ്ട്?
- ഒരു മതവിഭാഗത്തിന്റെ-ഉപവിഭാഗത്തിന്റെ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങള്‍ക്ക് ഭരണഘടനാ സംരക്ഷണമുണ്ടോ?
- ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യഹര്‍ജികള്‍ മറ്റൊരു മതവിഭാഗത്തിലുള്ള ആള്‍ക്ക് നല്കാനാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: