സ്നേഹപാന ചികിത്സയെന്നൊരു സംഗതിയുണ്ട്. കേട്ടിട്ട് പേടിക്കുകയൊന്നും വേണ്ട. സ്നേഹം കുടിക്കാനോ എന്ന് ചോദിച്ച് പ്രതിഷേധിക്കാനും വരണ്ട. ഇപ്പോ നാട്ടിലെ ഫാഷന്‍ പ്രതിഷേധമായ സ്ഥിതിക്ക് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ പറഞ്ഞുവെന്നേയുള്ളൂ. എന്തിനാണ് പ്രതിഷേധം എന്നു ചോദിച്ചാല്‍ ആവോ എന്ന മറുപടിയാവും ബഹു ഭൂരിപക്ഷത്തിനുമുണ്ടാവുക. ഒരു കൊടിയും പിടിച്ച് നാലടി നടന്നില്ലെങ്കില്‍ സമൂഹത്തില്‍ നിലയും വിലയും ഉണ്ടാവില്ല എന്നത്രേ തത്ര ഭവാന്മാരുടെ പക്ഷം. അതവിടെ നില്ക്കട്ടെ, നമ്മള് തുടങ്ങിവെച്ചത് മറ്റൊന്നാണല്ലോ.
വയറിലുള്ള അസുഖങ്ങള്‍ക്ക് ചികിത്സ നടത്തുമ്പോള്‍ ചെയ്യുന്ന ഒരു സംഗതിയാണ് സ്നേഹപാനം. എന്നുവച്ചാല്‍ നെയ്സേവ. അതായത് നെയ്യ് കുടിപ്പിക്കുക. വെറും നെയ്യല്ല കേട്ടോ. നല്ല സ്വയമ്പന്‍ നെയ്യ്. അതില്‍ ആവശ്യമായ മരുന്നും ചേര്‍ത്തിരിക്കും. ചികിത്സ തുടങ്ങും മുമ്പ് വയറിളക്കും. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ നെയ്യ് കുടിക്കാന്‍ കൊടുക്കും. ആദ്യദിനം അഞ്ച് ഗ്രാം, പിന്നെ പത്ത്, അതങ്ങനെ ഇരട്ടിപ്പിക്കും. നെയ്പാത്രം കാണുന്ന മാത്രയില്‍ രോഗിക്ക് ഛര്‍ദ്ദിക്കാന്‍ തോന്നുന്ന നിമിഷം സംഗതി നിര്‍ത്തും. അതോടെ ഒരുവിധപ്പെട്ട ആമാശയ രോഗങ്ങളൊക്കെ പതം പറഞ്ഞ് പടി കടക്കുമെന്നത്രേ ആയുര്‍വേദ ഭിഷഗ്വരന്മാര് പറയുന്നത്. അത് ഒരു രോഗത്തിനുള്ള ചികിത്സയാണ്.
എന്തും രോഗം തന്നെയാണല്ലോ. സാധാരണ നാട്ടുമ്പുറത്തും നഗരകാന്താരങ്ങളിലും കണ്ടുവരുന്ന സര്‍വസാധാരണമായ ഒരു രോഗമാണ് മദ്യപാനം. ഈ അസുഖത്തിന് പല തരത്തിലുള്ള ചികിത്സയുണ്ടെങ്കിലും നമ്മുടെ പെന്നുതമ്പുരാക്കന്മാര് കണ്ടുപിടിച്ച വിദ്യയത്രേ സൂപ്പര്‍. അതായത് മദ്യസേവ നിര്‍ത്താന്‍ പെട്ടെന്നൊന്നും കഴിയില്ല എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ തമ്പ്രാന് കിരീടവും ചെങ്കോലും കൈയേന്തും മുമ്പ് ചില വിദൂഷക വേഷങ്ങള്‍ രംഗത്തു വന്ന് ചില മംഗള ശ്ലോകങ്ങള്‍ ചൊല്ലി വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്പ്പുളകിതരാക്കിയിരുന്നു. മദ്യവര്‍ജനമല്ല വേണ്ടത് ബോധവല്ക്കരണമാണെന്നായിരുന്നു ഉദീരണങ്ങള്‍. ബോധവല്‍ക്കരണത്തിലൂടെ ഘട്ടംഘട്ടമായി മദ്യം ഭൂമുഖത്തു നിന്ന് ഓടി മറയും എന്ന് സിനിമാക്കാരായ അമ്മൂമ്മയും മുത്തച്ഛനും വലിയവായില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് അങ്ങനെയൊന്നും നടപ്പാവില്ല എന്നായിരുന്നു കരുതിയത്.
എന്നാല്‍ തമ്പ്രാന് കരുതിയതു പോലെ തന്നെ കാര്യങ്ങള്‍ മുമ്പോട്ടു പോവുകയാണ്. സ്നേഹപാന ചികിത്സ മദ്യപാന ചികിത്സയിലേക്ക് പരകായപ്രവേശം നടത്തുകയാണ്. നിയന്ത്രണങ്ങള്‍ ഒന്നൊന്നായി മാറ്റി മദ്യം സുലഭമായി കിട്ടാവുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോവുകയാണ്. ഇങ്ങനെ മദ്യം ധാരാളമായി കിട്ടുന്ന അന്തരീക്ഷം സംജാതമായാല്‍ ആളുകള്‍ക്ക് മദ്യത്തോടുള്ള ആസക്തി കുറയും. പിന്നെ മദ്യത്തിന്റെ നിറം മനസ്സിലേക്കൊരു മിന്നായം പോലെ വന്നാല്‍ മതി ഛര്‍ദ്ദി തുടങ്ങുകയായി.
ഇങ്ങനെ ഏറെ ശാസ്ത്രീയമായി, മദ്യത്തെ ഏഴു കടലും കടത്താനുള്ള ശ്രമമാണ് നടക്കുന്നത്. സാധാരണ ഒന്നാം തീയതി മദ്യം കിട്ടാതെ ഉഴലുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ വൈകാരിക വൈചാരിക തലങ്ങളിലേക്കു വരെ പൊന്നുതമ്പ്രാക്കന്മാരുടെ ശ്രദ്ധയെത്തിയിരിക്കുന്നു എന്നറിയുന്നത് എത്ര സന്തോഷകരമായ കാര്യമായിരിക്കും. വെറുതെയാണോ ‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാവും’ എന്ന് പറഞ്ഞത്. അന്ന് ആരും അത് വിശ്വസിച്ചില്ല. ഇപ്പോള്‍ സമ്പല്‍ സമൃദ്ധവും സല്‍ഗുണ സമ്പുഷ്ടവുമായ സ്ഥിതിവിശേഷം കണ്ടതില്ലയോ? സമൃദ്ധി കളിയാടുന്ന ഈ നാടിന്റെ ജീവല്‍സ്പന്ദനം തന്നെ എല്‍ഡിഎഫ് അല്ലേ? ഓരോ സംഗതിയും തികച്ചും വ്യത്യസ്തമായ രീതിയില്‍ ചെയ്യാനുള്ള സിദ്ധിവിശേഷം കൈവശമുള്ളതിനാലാണ് ‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല’ എന്ന് നേരത്തെ പൊന്നുതമ്പുരാന് പറഞ്ഞുവെച്ചത്. പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്
നം കാണുക മാത്രമല്ല സ്വന്തമാക്കിത്തരാനും കഴിയും എന്നതിന് കൂടുതല്‍ തെളിവെന്തിന്? അഥവാ തെളിവും മറ്റും ചോദിച്ച് പ്രശ്നമാക്കാനാണ് ഉദ്ദേശ്യമെങ്കില്‍ കാനത്തിന് കിട്ടിയ മറുപടി പോലെ ചിലത് ശരിയാക്കി വച്ചിട്ടുണ്ട്; ഒറ്റയെണ്ണത്തിനേയും വിടമാട്ടേന്‍.
…………………………………………………………………………………………
വല്ലവിധേനയും ഭരണത്തോണി തുഴഞ്ഞുകൊണ്ടു പോകണമെങ്കില്‍ ഗാന്ധി നന്നായി ഇറക്കണമെന്ന് ഗീതാ ഗോപിനാഥ് ഒന്നും പറഞ്ഞുതരേണ്ട കാര്യമില്ല. ഇങ്ങേയറ്റത്തെ കല്ല് ചെത്ത് തൊഴിലാളി കണാരേട്ടന് വരെ ടി സംഗതി അറിയാം. പൗരത്വം, നിയമം, ഭരണഘടന എന്നൊക്കെ അലറിക്കരഞ്ഞ് ഓടാനുംചാടാനും പണം വേറേയും കരുതണം. അതിനുള്ള എളുപ്പ വിദ്യയെന്താ? നടേ പറഞ്ഞ മദ്യസേവയ്ക്ക് യഥാവിധി അവസരം കൊടുക്കയത്രേ. ഈ സിമ്പിള്‍ ലോജിക്ക് തൊഴിലാളി പാര്‍ട്ടിക്കല്ലാതെ മറ്റാര്‍ക്കു കഴിയും? ഭൂപരിഷ്കരണ വിവാദമൊന്നും മദ്യപരിഷ്കരണത്തില് വരാത്ത സ്ഥിതിക്ക് പേടിയെന്തിന് കൂട്ടരേ എന്ന ഒരു വിപ്ലവഗാനവും കൂടിയാവാം; ജയ് ഹോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: