ശബരിമല: എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവരുടെ ബാഹുല്യം കാരണം യഥാര്‍ത്ഥ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാകാതെ ദേവസ്വം ബോര്‍ഡ് കുഴയുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് രാജഗോപാലന്‍ നായര്‍ ബോര്‍ഡ് പ്രസിഡന്റായിരിക്കെ നൂറോളം പേരെയാണ് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ചത്. ഇവരെ നിശ്ചിത ദിവസം കഴിഞ്ഞ് പിരിച്ചുവിട്ടശേഷം ആവശ്യമെങ്കില്‍ പുതിയ നിയമനം നടത്തണമെന്നാണ് ചട്ടം. എന്നാല്‍, ഇത് പാലിക്കാന്‍ ബോര്‍ഡിന് കഴിഞ്ഞില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞ് ബോര്‍ഡ് ഇവരെ പിരിച്ചുവിടാന്‍ നീക്കം തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ കോടതിയെ സമീപിച്ച് താത്ക്കാലിക സ്റ്റേ വാങ്ങി. തുടര്‍ന്ന് ബോര്‍ഡ് മേല്‍ക്കോടതിയെ സമീപിച്ചു. ബോര്‍ഡിന്, ഉചിതമായത് ചെയ്യാമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍, മാറി മാറി വന്ന ബോര്‍ഡുകള്‍ യൂണിയനുകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ജീവനക്കാരെ നിലനിര്‍ത്തുന്ന നടപടിയാണ് സ്വീകരിച്ചത്. ഇതിനിടെയാണ് ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ നടത്തുന്നതിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇത് പ്രകാരം ബോര്‍ഡിലെ എല്ലാ നിയമനങ്ങളും റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പരിധിയിലായി. എംപ്ലോയിമെന്റ് ജീവനക്കാര്‍ ഇപ്പോഴും തുടരുന്നത് മൂലം ഈ തസ്തികകളിലെ നിയമനം റിക്രൂട്ട്മെന്റ് ബോര്‍ഡിനെ അറിയിച്ച് നടപടികള്‍ മുന്നോട്ട് നീക്കാന്‍ കഴിയാത്ത സ്ഥിതിയുമായി.
റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമനം നടത്തിയാല്‍ എംപ്ലോയിമെന്റ് ജീവനക്കാര്‍ പുറത്തുപോകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറയുന്നത്. എന്നാല്‍ ജീവനക്കാര്‍ വീണ്ടും മേല്‍ക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടുമോ എന്ന ആശങ്കയിലാണ് ദേവസ്വം ബോര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: