ചെറുപുഴ: നിരന്തരമായി ശല്യം ചെയ്യുന്ന ഐഎന്‍ടിയുസി നേതാവിനെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി. സിപിഎം നേതൃത്വവുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതോടെ സംഭവം ഇരുപാര്ട്ടിക്കുള്ളിലും വിവാദമായി മാറി.
മഹിളാ കോണ്‍ഗ്രസ് നേതാവായ യുവതിക്ക് അശ്ലീല സന്ദേശമയക്കുകയും പുറകെ നടന്ന് നിരന്തരം ശല്യപ്പെടുത്തുകയും ചെയ്ത ഐഎന്‍ടിയുസി നേതാവിനെയാണ് കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ സംരക്ഷിച്ചുനിര്‍ത്തുന്നത്. ചെറുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കിയ വനിതാ കോണ്‍ഗ്രസ് നേതാവിനെ രണ്ടു പാര്‍ട്ടികളുടെയും നേതാക്കന്മാര് ചേര്‍ന്ന് സമ്മര്‍ദ്ധം ചെലുത്തി പരാതി പിന്‍വലിക്കുകയായിരുന്നു.
ചെറുപുഴ പഞ്ചായത്തിലെ ഒരു കടയില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ നിരന്തരമായി പുറകെ നടന്ന് ശല്യപ്പെടുത്തി ഫോണില്‍ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു ഐഎന്‍ടിയുസി നേതാവ്. യുവതി പലതവണ വിലക്കിയിട്ടും ഇയാള്‍ ശല്യം തുടര്‍ന്നു. ഇതോടെ യുവതി ജോലി ഉപേക്ഷിച്ച് ദൂരെ സ്ഥലത്തേക്ക് മാറിയപ്പോഴും അവിടെയും ഇയാളുടെ ശല്യം തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് യുവതി ചെറുപുഴ പോലീസില്‍ പരാതി നല്‍കിയത്.
യുവതി പരാതി നല്‍കിയത് അറിഞ്ഞ ഉടന്‍ തന്നെ ചെറുപുഴയിലെ പഞ്ചായത്ത് മെമ്പറായ മുതിര്‍ന്ന നേതാവിനെ യുവാവ് അഭയം പ്രാപിച്ചു. സ്വന്തം ഗ്രൂപ്പുകാരനായ ഐഎന്‍ടിയുസി നേതാവിന് പൂര്‍ണ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. മഹിളാ കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. സ്വന്തം മണ്ഡലത്തിലെ പ്രശ്നമല്ലാതിരുന്നിട്ടും യുവതി താമസിക്കുന്ന മണ്ഡലത്തിലെ പ്രസിഡണ്ടിനെ നോക്കുകുത്തിയാക്കി തൊട്ടടുത്ത മണ്ഡലം പ്രസിഡണ്ട് രംഗത്തിറങ്ങി. യുവതിയുടെ വീട്ടില്‍ പോയി കണ്ട് ഇയാള്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. നേതാക്കന്മാരുടെ സമ്മര്‍ദ്ദം ശക്തമായതോടെ യുവതി കണ്ണൂര്‍ ഡിസിസി പ്രസിഡണ്ടിനെ വിവരം കത്തു മുഖേന അറിയിച്ചു. ഡിസിസി പ്രസിഡണ്ട് കേസുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് യുവതി പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ഐഎന്‍ടിയുസി നേതാവ് ബന്ധുവായ സിപിഎം ഉന്നത നേതാവിനെ സമീപിച്ചത്. യുവതിക്ക് അനുകൂല നിലപാടെടുത്ത കോണ്‍ഗ്രസ് നേതാവിനെ സിപിഎം നേതാവ് വിളിച്ച് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. ഇതോടെ സമ്മര്‍ദ്ദത്തിലായ നേതാവ് യുവതിയെ കൈവിട്ടതിനെ തുടര്‍ന്ന് ചെറുപുഴ പോലീസ് സ്റ്റേഷനില്‍ വെച്ച് ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പില്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ മഹിളാ കോണ്‍ഗ്രസ് നേതാവിനെ ഒത്തുതീര്‍പ്പിനു ശേഷവും ഐഎന്‍ടിയുസി നേതാവ് ഭീഷിണിപ്പെടുത്തുന്നത് തുടര്‍ന്നു. ഇതോടെ പ്രശ്നം വീണ്ടും പുകഞ്ഞു തുടങ്ങി.
സിപിഎമ്മിനെ നിരന്തരം വെല്ലുവിളിക്കുന്ന ഐഎന്‍ടിയുസി നേതാവിനെ സഹായിച്ച സിപിഎം നേതാവിനെതിരെ പാര്‍ട്ടി അണികള്‍ തിരിഞ്ഞിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് നേതാവായ ഇരയെ സഹായിക്കാതെ പ്രശ്നക്കാരനെ ഡിസിസി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശത്തെ അവഗണിച്ചും വെല്ലുവിളിച്ചും സഹായിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാനായി ഇരു പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: