ന്യൂദല്‍ഹി: തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. സിപിഎമ്മിന് പാര്‍ട്ടി ഫണ്ട് കണ്ടെത്താനുള്ള പരിപാടി മാത്രമാണത്. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണെങ്കില്‍ സമ്മേളന മാമാങ്കമല്ല നടത്തേണ്ടതെന്നും, പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ഒരു സര്‍ക്കാരിന്റെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാനാവില്ലെന്നും വി. മുരളീധരന് അറിയിച്ചു. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലെ മുഖ്യാതിഥിയായി ലഭിച്ച ക്ഷണം വി. മുരളീധരന് നിരസിച്ചു.
വിദേശകാര്യ വകുപ്പുമായി യാതൊരു കൂടിയാലോചനകളും നടത്താതെ നടക്കുന്ന ഇത്തരം പരിപാടികള്‍ മൂലം പ്രവാസികള്‍ക്ക് എന്തു പ്രയോജനം ലഭിക്കുമെന്നറിയില്ല. സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് പറയുന്നതിനിടെ ലക്ഷങ്ങള്‍ ചെലവിട്ട് നടത്തുന്ന ലോക കേരളസഭ ധൂര്‍ത്തിന്റെ മറ്റൊരു ഉദാഹരണമാണ്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ലോക കേരളസഭയ്ക്ക് വേദിയൊരുക്കാന്‍ 16 കോടി രൂപയാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയത്.
സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയായി ലോക കേരള സഭ അധഃപതിച്ചു. ലോകത്താകമാനമുള്ള മലയാളികളായ സിപിഎം അനുഭാവികളെ സര്‍ക്കാര്‍ ചെലവില്‍ വിളിച്ചുവരുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. വിഷത്തിന്റെ പുറത്ത് പഞ്ചസാര എന്നെഴുതി വച്ചാല്‍ പഞ്ചസാരയാവില്ലെന്നും വിഷം വിഷം തന്നെയാണെന്നും വി. മുരളീധരന് പറഞ്ഞു.
പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ല പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്നും വി. മുരളീധരന് പരിഹസിച്ചു. പ്രമേയം പാസാക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്ന് അറിഞ്ഞിട്ടും മുഴുവന്‍ എംഎല്‍എമാരെയും വിളിച്ചു വരുത്തി നിയമസഭ കൂടിയത് ധൂര്‍ത്താണ്. സംസ്ഥാന സര്‍ക്കാരിന്റേത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ഇതിനാലാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോണിയയും മന്മോഹന് സിങ്ങുമാണ് എന്‍പിആര്‍ കൊണ്ടുവന്നത്. എന്‍ആര്‍സി നടപ്പാക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ല. നടപ്പാക്കുമെന്ന് മാത്രമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.
മുത്തലാഖ് അടക്കമുള്ള സാമൂഹ്യ പരിഷ്ക്കരണ നടപടികള്‍ വഴി മുസ്ലിം സമൂഹത്തിന്റെ പിന്തുണ മോദി സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിനെതിരായ സംഘടിതമായ നീക്കമാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്ലീങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയതിന് പിന്നിലെ യാഥാര്‍ത്ഥ്യം, വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: