‘അയ്യപ്പന് തിന്തകത്തോം….
സ്വാമി തിന്തകത്തോം….’
പാണ്ടിമേളം പകര്‍ന്ന ആവേശത്തില്‍ മുഖരിതമാണ് എരുമേലി. ലോകനന്മയ്ക്കായി ദുഷ്ടനിഗ്രഹം നടത്തിയ മഹിഷീമര്‍ദകന് പ്രണാമം അര്‍പ്പിച്ച് ആനന്ദനൃത്തം ചവിട്ടും അയ്യപ്പഭക്തന്മാര്.
ദേഹമാസകലം ചായംതേച്ച് മനസ്സും ശരീരവും നിറയെ അയ്യപ്പന് സമര്‍പ്പിച്ച് തിന്മയുടെമേല് നന്മയുടെ വിജയത്തിന് ഓര്മ പുതുക്കിയുള്ളതാണ് പേട്ടതുള്ളല്‍. മണികണ്ഠസ്വാമി എരുമേലിയില്‍ എത്തിയപ്പോഴാണ് മഹിഷി നാട്ടില്‍ സംഹാരതാണ്ഡവമാടി ജനങ്ങളെ ഉപദ്രവിക്കുന്ന കഥയറിയുന്നത്. തന്റെ അവതാരലക്ഷ്യം നേടേണ്ടതിന് സമയമായതായി മനസ്സിലാക്കിയ മണികണ്ഠന് മഹിഷിയെ തേടി ദേവലോകത്തെത്തി. പ്രതികാരദാഹിയായ മഹിഷി മണികണ്ഠനു നേരെ ആഞ്ഞടുത്തു. മണികണ്ഠന് മഹിഷിയെ കൊമ്പില്‍ പിടിച്ച് ഭൂമിയിലേക്ക് എറിഞ്ഞു. അതു വീണത് അഴുതാനദിക്കരയില്‍. മഹിഷിയെ നിഗ്രഹിച്ചതിന്റെ സന്തോഷം പങ്കിട്ടാണ് പേട്ടതുള്ളല്‍ നടക്കുന്നതെന്നാണ് ഒരു കഥ.
മറ്റൊരു കഥ ഉദയനനുമായി ബന്ധപ്പെട്ടതാണ്. കരിമലക്കോട്ടയുടെ അധിപനായിരുന്ന ഉദയനന്റെ മറവപ്പടയെ തോല്‍പ്പിക്കുന്നതിന് അയ്യപ്പനും സൈന്യങ്ങളും എരുമേലിയില്‍ എത്തിച്ചേര്‍ന്നുവെന്നാണ് വിശ്വാസം. കലിയുഗവരദനായ അയ്യപ്പനെ യുദ്ധത്തില്‍ സഹായിക്കാന്‍ നാടിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ എരുമേലിയിലെത്തി. തെക്കുനിന്നുള്ളവര്‍ വാവരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്നും വടക്കുനിന്നുള്ളവര്‍ കൊച്ചുകടുത്തയുടെ നേതൃത്വത്തില്‍ ആലങ്ങാട് ശിവക്ഷേത്രത്തില്‍നിന്നും പുറപ്പെട്ടുവെന്നാണ് വിശ്വാസം. ജാതിഭേദങ്ങള്‍ മറന്ന് ഒറ്റമനസ്സോടെ ദുഷ്ടശക്തികളോട് പൊരുതി ജയിച്ചതിന്റെ ആനന്ദത്തില്‍ ഭക്തന്മാര് ദേഹമാസകലം ചായം
പൂശി കാട്ടുകമ്പുകളും മറ്റും കയ്യിലേന്തി ആനന്ദനൃത്തം ചവിട്ടിയതിന്റെ ഓര്‍മയ്ക്കായാണ് ഇന്നും പേട്ടതുള്ളല്‍ നടത്തുന്നതെന്നാണ് വിശ്വാസം. തന്റെ അവതാരലക്ഷ്യം പൂര്‍ത്തിയാക്കിയ അയ്യപ്പന് സ്വന്തം ആഗ്രഹപ്രകാരം ശബരിമലയില്‍ കാനനവാസം ആരംഭിച്ചു. പിന്നീട് അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തന്മാര് എരുമേലിയിലെ പേട്ടതുള്ളല്‍ മുടങ്ങാതെ നടത്തിവരികയും ചെയ്യുന്നു. കൊച്ചമ്പലത്തില്‍ കാണിക്കയിട്ട് തൊഴുതുനീങ്ങുന്ന പേട്ടസംഘങ്ങള്‍ നേരെ കയറുന്നത് വാവരുപള്ളിയില്‍. അവിടെ പ്രദക്ഷിണംവച്ച് കാണിക്കയിട്ട് തൊഴുമ്പോള്‍ അമ്പലവും പള്ളിയും തമ്മിലുളള അന്തരമില്ലാതാകുന്നു.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: