കണ്ണൂര്‍: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ ഇടത്-ജിഹാദി ബുദ്ധിജീവികളുടെ ഗൂഢാലോചനാവേദിയാണ് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്. ഇന്ത്യയില്‍ മാര്‍ക്സിസ്റ്റ് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തില്‍, കണ്ണൂര്‍ സര്‍വകലാശാല 80-ാം ചരിത്ര കോണ്‍ഗ്രസ്സിന് വേദിയായപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരുടെ ദേശവിരുദ്ധ നിലപാടും കമ്യൂണിസ്റ്റ്-ജിഹാദി ഗ്രൂപ്പുകളോട് ആഭിമുഖ്യവുമുള്ള ചരിത്രകാരന്മാര് ഇവിടത്തെ സിപിഎമ്മുകാരുടെ ‘ഗ്രൗണ്ട് സപ്പോര്‍ട്ടോ’ടു കൂടി പരമാവധി വിളയാടിയതിന്റെ കാഴ്ചകളാണ് കണ്ടത്.
ചരിത്ര കോണ്‍ഗ്രസ്സിന്റെ സമാപന ദിവസമായ ഇന്നലെ അംഗീകരിച്ച പ്രമേയങ്ങള്‍ ഒട്ടുമുക്കാലും ദേശീയതയ്ക്കും ദേശസുരക്ഷയ്ക്കും എതിരെയുള്ളതായിരുന്നു. ചരിത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന വേളയില്‍ ഗവര്‍ണറുടെ പ്രസംഗം തടയുകയും അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞ പോലീസിനെതിരെയാണ് ഒരു പ്രമേയം. ഇന്ത്യന്‍ രാഷ്ട്രപതിയാല് നിയമിതനായ ഗവര്‍ണറെ അപമാനിച്ചവര്‍ക്കെതിരെയുള്ള നടപടി കേരള പോലീസില്‍ ഒതുങ്ങില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തേക്കുമെന്നുമുള്ള സാമാന്യബോധം ഉള്ളതുകൊണ്ടാവണം ഇടത് ചരിത്രകാരന്മാര് പാസ്സാക്കിയ പ്രമേയത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച ജെഎന്‍യു, ജാമിയ, അലിഗഢ് സര്‍വകലാശാലകളിലെ പ്രതിനിധികളെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന് പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. മേല്പറഞ്ഞ മൂന്ന് സര്‍വകലാശാലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കലാപങ്ങളുടെ പേരിലുള്ള നടപടികള്‍ക്കെതിരെയും ചരിത്ര കോണ്‍ഗ്രസ്സില്‍ മറ്റൊരു പ്രമേയം അവതരിപ്പിക്കപ്പെട്ടുവെന്നതും വിചിത്രമാണ്.
ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക, ചരിത്രപാഠങ്ങള്‍ തിരുത്തിയെഴുതുന്നത് ചെറുക്കുക തുടങ്ങിയ സ്ഥിരം ഇടത് ആവശ്യങ്ങളും പ്രമേയങ്ങളായി. ഗവര്‍ണര്‍ അപമാനിക്കപ്പെട്ടതുള്പ്പെടെയുള്ള സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസെര്‍ച്ചിന്റെ (ഐസിഎച്ച്ആര്‍) ഫണ്ട് ചരിത്ര കോണ്‍ഗ്രസ്സിന് ലഭ്യമാകുന്നതിന് തടസ്സമാകുമോയെന്ന ആശങ്കയും സംഘാടകര്‍ക്കുണ്ട്. അത് മുന്‍കൂട്ടിക്കണ്ടാവണം ധനസഹായം തടസ്സപ്പെടാതിരിക്കാനുള്ള ഒരു അഭ്യര്‍ത്ഥനയും പ്രമേയരൂപത്തില്‍ കൊണ്ടുവരാന്‍ സംഘാടകര്‍ മറന്നില്ല.
ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുക എന്നതില്‍ കവിഞ്ഞ് ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കുള്ള വേദിയായിരുന്നില്ല, കഴിഞ്ഞ കുറേ വര്‍ഷങ്ങളിലേതു പോലെ തന്നെ ഇത്തവണയും ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്.
സമ്മേളന പ്രതിനിധികളുടെ പങ്കാളിത്തക്കുറവു കൊണ്ടും ധൂര്‍ത്തു കൊണ്ടും നിറംകെട്ട ഒന്നായി മാറി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പല സെഷനുകളും വഴിപാടുകളായിരുന്നു. ഉദ്ഘാടനച്ചടങ്ങ് അലങ്കോലപ്പെട്ടപ്പോള്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നിരവധി പ്രതിനിധികള്‍ നിരാശരാകുകയും തങ്ങള്‍ക്കുളള അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പലരും ഉദ്ഘാടന സെഷനില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: