തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാനെന്ന രീതിയില്‍ കേരളത്തിലേക്ക് എത്തുന്ന പ്രവാസികളിലൂടെ സ്വര്‍ണം കടത്തുന്ന മാഫിയ സജീവമെന്ന് കസ്റ്റംസ് ഇന്റലിജന്‍സ്. കേരളത്തിലെത്തി പ്രതിഷേധിക്കാന്‍ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ കേരളത്തിലേക്ക് എത്തുന്നവരെ സ്വര്‍ണകടത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് കസ്റ്റംസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം പാസാക്കിയതിന് പിന്നാലെ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് പ്രവാസികളുടെ ഒഴുക്കാണ് ഉണ്ടായതെന്ന് ഇവര്‍ പറയുന്നു. ഇതിന് ശേഷം പിടികൂടുന്ന സ്വര്‍ണത്തിന്റെ അളവ് വര്‍ദ്ധിച്ചെന്നും കസ്റ്റംസ് ഇന്റലിജന്‍സ് പറയുന്നു. കടത്തുകാര്‍ക്ക് വിമാന ടിക്കറ്റും വന്‍ പ്രതിഫലവും ഇവര്‍ നല്‍കുന്നുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരുകോടി 20 ലക്ഷത്തിന്റെ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. സൗദിഅറേബ്യയില്‍ ഇത്തിഹാദ് എയര്‍ വിമാനത്തില്‍ അബുദാബി വഴി കരിപ്പൂരിലെത്തിയ കോഴിക്കോട് കൊടുവള്ളി ഷാഹുല്‍ മന്‍സൂര്‍,മസ്ക്കറ്റില്‍നിന്ന് ഒമാന്‍ എയര്‍ വിമാനത്തില്‍വന്ന പാലക്കാട് ചാലിശ്ശേരി കെ.കെ. അശ്റഫ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
മന്‍സൂര്‍ ബാഗേജിലുണ്ടായിരുന്ന മിക്സിക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 2.35 കിലോ തൂക്കംവരുന്ന സ്വര്‍ണം രൂപംമാറ്റിയ നിലയിലായിരുന്നു. അശ്റഫ് സ്പീക്കറിന്റെ അകത്താണ് സ്വര്ണംഒളിപ്പിച്ചു കടത്തിയത്. 650ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈമാസം പിടിച്ചെടുത്തത് 11 കോടിയുടെ സ്വര്‍ണമാണ്. വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിയ യാത്രക്കാരില്‍നിന്ന് 26 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തി.
കഴിഞ്ഞ 18ന് മൂന്ന് യാത്രക്കാരില്‍നിന്നായി മൂന്നുകോടിയുടെ സ്വര്‍ണം പിടിച്ചു. രണ്ട് ആന്ധ്രപ്രദേശ് സ്വദേശികളില്‍നിന്ന് 2.8 കോടിയുടെയും മുംബൈ സ്വദേശിനിയില്‍നിന്ന് 20 ലക്ഷം രൂപയുടെ 17 സ്വര്‍ണ ബിസ്കറ്റുകളും കണ്ടെടുത്തതാണ് വലിയ സ്വര്‍ണവേട്ട. ക്രിസ്മസ് തലേന്ന് 3.75 കിലോ സ്വര്‍ണവുമായി മൂന്ന് യാത്രക്കാരെ കസ്റ്റംസ് പിടികൂടി. അന്താരാഷ്ട്രവിപണിയില്‍ ഇതിന് 1.25 കോടി രൂപയാണ് വില. രണ്ടരക്കിലോ സ്വര്‍ണം മിശ്രിതമാക്കി കാല്‍മുട്ടിനുതാഴെ കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കോഴിക്കോട് സ്വദേശികളും പിടിയിലായി. 250 ഗ്രാം സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് മലപ്പുറം സ്വദേശി സ്വര്‍ണം കടത്താന്‍ നോക്കിയത്. കഴിഞ്ഞ 20ന് 28 ലക്ഷം രൂപയുടെ 750 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. 12ന് 68 ലക്ഷത്തിന്റെ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ 1.53 കോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: