ശബരിമല: സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കിയെന്ന ദേവസ്വം ബോര്‍ഡിന്റെ അവകാശവാദം പൊളിയുന്നു. തിരുമുറ്റം, വടക്കേനട, ഗസ്റ്റ്ഹൗസിന് മുന്‍വശം,
പാണ്ടിത്താവളം, മരാമത്ത് കോംപ്ലക്സിന് സമീപം എന്നിവിടങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ വിരിവയ്ക്കാനുള്ള സൗകര്യമുണ്ടെന്നാണ് ബോര്‍ഡ് പറയുന്നത്. എന്നാല്‍, ചുട്ടുപൊള്ളുന്ന വെയിലിനെ അതിജീവിക്കാനോ മഴപെയ്താല്‍ കയറിനില്‍ക്കാനോ ഇവിടെ സംവിധാനമില്ല.
പഴയ മീഡിയ സെന്റര്‍ പൊളിച്ചുനീക്കി ഇവിടെ ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും മതിയായ സംവിധാനം ഒരുക്കിയിട്ടില്ല. മഴ ശക്തമായാല്‍ കയറി നില്ക്കാന് പോലും ഇടമില്ല. മഴയും വെയിലുമേല്‍ക്കാതെ സൗജന്യമായി ഭക്തര്‍ക്ക് വിരിവയ്ക്കാനും വിശ്രമിക്കാനുമായി നിര്‍മിച്ച വടക്കേനടയിലെ ഇരുനിലകെട്ടിടവും മാളികപ്പുറത്തെ നടപ്പന്തലും ഭണ്ഡാരമായും ക്യൂ കോംപ്ലക്സുകളായും മാറ്റിയതോടെ വെട്ടിലായത് ആയിരക്കണക്കിന് തീര്‍ഥാടകരാണ്.
പഴയ മീഡിയ സെന്ററിന് മുകള്‍വശം, മാഗുണ്ട അയ്യപ്പനിലയം എന്നിവിടങ്ങളിള്‍ വിശ്രമിക്കാനുള്ള സൗകര്യമുണ്ടെങ്കിലും പരിമിതമാണ്. ശബരി ഗസ്റ്റ്ഹൗസ്, പ്രണവം, സഹ്യാദ്രി, കൈലാസ്, പാലാഴി, സോപാനം, ശ്രീമണികല്കുന്ന 12 കെട്ടിടങ്ങളും നിലവിലുണ്ട്. ഇവയിലെല്ലാം കൂടി 540 മുറികളാണ് ഉള്ളത്. വന്‍കിട ഹോട്ടലുകളേക്കാള്‍ കൂടുതല്‍ പണമടച്ചാലെ ഈ മുറികളില്‍ വിരവയ്ക്കാന്‍ സാധിക്കൂ. ഇക്കാരണത്താല്‍ രാത്രികാലങ്ങളില്‍ എത്തുന്ന സാധാരണ തീര്‍ത്ഥാടകര്‍ മഴയും വെയിലുമേറ്റ് തുറസ്സായ സ്ഥലത്ത് വിരിവയ്ക്കേണ്ട ഗതികേടിലാണ്.
അന്നദാന മണ്ഡപത്തിന് മുകളിലും, പോലീസ് ബാരക്കിന് എതിര്‍വശത്തും, പാണ്ടിത്താവളം എന്നിവിടങ്ങളിലുമായി 4681.5 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സൗകര്യമൊരുക്കിയിട്ടുണ്ടങ്കിലും ഇവിടെയും പണം നല്‍കിയാലെ വിരിവയ്ക്കാനാകൂ. കഴിഞ്ഞ മണ്ഡലകാലത്ത് അനുമതിയില്ലാതിരുന്ന വലിയ നടപ്പന്തലില്‍ ഇത്തവണ വിരിവയ്ക്കാന്‍ അനുവാദമുണ്ട്. എങ്കിലും തീര്‍ത്ഥാടകരുടെ ബാഹുല്യം കാരണം മിക്കതീര്ത്ഥാടകര്ക്കും ഇവിടെ അതിനു സാധിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: