മന്‍മോഹന്‍സിങ് പത്തുവര്‍ഷം പ്രധാനമന്ത്രിയായിരുന്ന ആളാണ്. പ്രണബ്കുമാര്‍ മുഖര്‍ജിയാകട്ടെ രാഷ്ട്രപതിയും. അതിന് മുമ്പ് ഇരുവരും കേന്ദ്രമന്ത്രിമാരായും ഇരുന്നിട്ടുണ്ട്. ഒരേ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച ഇരുവരും നടത്തിയ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ പ്രളയം സൃഷ്ടിക്കുന്നതാണെന്നതില്‍ സംശയമില്ല. മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ ജന്മശതാബ്ദി ആഘോഷചടങ്ങില്‍ സിങ്ങിനും മുഖര്‍ജിക്കും നാക്കുപിഴച്ചതല്ല. പക്ഷേ പറയേണ്ടതെല്ലാം പറഞ്ഞതുമില്ല.
മന്‍മോഹന്‍സിങ് 1984 ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ചാണ് വാചാലനായത്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയായ വ്യക്തിയാണ് മകന് രാജീവ്. ആ സമയത്തു തന്നെയാണ് സിഖുകാര്‍ക്കെതിരെ കോണ്‍ഗ്രസുകാരുടെ വംശഹത്യ. കൊല്ലപ്പെട്ടത് ആറായിരമോ ഏഴായിരമോ എന്നേ സംശയമുള്ളൂ. അന്ന് അതിനെ ന്യായീകരിച്ച ഭരണാധികാരിയായിരുന്നു രാജീവ്. വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന ന്യായം പറഞ്ഞാണ് കൂട്ടക്കൊലയെ മഹത്വവല്‍ക്കരിച്ചത്. ഭൂമി കുലുങ്ങുമ്പോഴാണ് വന്മരം വീഴുന്നതെന്ന് ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയി തിരിച്ചടിക്കുകയും ചെയ്തു. ആ സംഭവത്തെ ക്കുറിച്ചായിരുന്നു മന്മോഹന്സിംങ്ങിന്റെ പരാമര്‍ശം. ഐ.കെ.ഗുജ്റാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ നരസിംഹറാവുവോട് പട്ടാളത്തെ വിളിക്കാന്‍ പറഞ്ഞത്രെ. അത് നരസിംഹറാവു അംഗീകരിച്ചിരുന്നെങ്കില്‍ കൂട്ടക്കൊലകളും കൊള്ളയും തടയാമായിരുന്നു എന്നാണ് സിങ് പറഞ്ഞത്. നരസിംഹറാവുവിനെ എന്നും തള്ളിപ്പറയുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശൈലിയാണ് സിങ് അവലംബിച്ചത്. ആദ്യന്തരമന്ത്രിക്ക് പട്ടാളത്തെ രംഗത്തിറക്കാന്‍ അവകാശമില്ല. ചെയ്യേണ്ടയാള്‍ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി രാജീവനെ കുറ്റപ്പെടുത്താന്‍ മന്‍മോഹന്‍സിങ്ങിന് ത്രാണിയില്ലാതെ പോയി. രാജീവനെതിരെ പറഞ്ഞാല്‍ സിങ്ങിന്റെ തൊപ്പിയും താടിയും തെറിക്കുമെന്നുറപ്പാണല്ലോ.
ഇന്ദിരാഗാന്ധിയുടെ വധത്തിലേക്കെത്തിച്ചത് കോണ്‍ഗ്രസിന്റെ നപുംസക നടപടികളും നിലപാടുകളുമാണെന്ന് ആര്‍ക്കാണറിയാത്തത്. സിഖ് സമൂഹത്തിലെ ഒരു വിഭാഗം തീവ്രവാദത്തിലേക്ക് നീങ്ങിയപ്പോള്‍ താങ്ങും തണലുമായി നിന്നത് കോണ്‍ഗ്രസാണ്. പ്രത്യേകിച്ചും ഇന്ദിരാഗാന്ധി. ഖാലിസ്ഥാന്‍ സ്ഥാപനത്തിനായി ഭീകരവാദം ജ്വലിപ്പിച്ച ഭിന്ദ്രന്‍വാലക്കെതിരെ രാജ്യവ്യാപകമായി രോഷം ഉയര്‍ന്നപ്പോള്‍ അയാള്‍ ഒരു സിഖ് സന്യാസി എന്ന നിലപാടാണ് ഇന്ദിര സ്വീകരിച്ചത്.
ഭിന്ദ്രന്‍വാല പക്ഷേ പുരവിഴുങ്ങാന്‍ കഴിയുംവിധമുള്ള ചെകുത്താനായി മാറി. അത്തരം ചെകുത്താന് വരുമ്പോള്‍ വീട്ടില്‍ കയറി വാതിലടച്ചിട്ട് എന്തുകാര്യം. ഗത്യന്തരമില്ലാതെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട അവസ്ഥയാണ് ഇന്ദിരാഗാന്ധിക്കുണ്ടായത്. പഞ്ചാബിലെ സുവര്‍ണക്ഷേത്രം പട്ടാളത്തെ വിന്യസിച്ച് നിറയൊഴിച്ചതോടെ സിഖ് സമൂഹത്തിന് പക കൂടി. 1984ല്‍ സുവര്‍ണ ക്ഷേത്രത്തിലെ നടപടിയുടെ പകയാണ് അതേ വര്‍ഷം ഒക്ടോബറില്‍ ദല്‍ഹിയിലുണ്ടായത്. ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരായ സിഖുകാരാല്‍ വധിക്കപ്പെട്ടു.
അന്ന് സിഖുകാരില്‍ ചെറിയൊരു വിഭാഗമേ ഭീകരവാദത്തില്‍ ഏര്‍പ്പെട്ടിരുന്നുള്ളൂ. പക്ഷേ, സിഖുകാരെ മുഴുവന്‍ ശത്രുക്കളാക്കുന്നതായിരുന്നു സുവര്‍ണ ക്ഷേത്രത്തിലെ ഓപ്പറേഷന് തുടര്‍ന്ന് സിഖ് ഗുരുദ്വാരകള്‍ പലതും തീവ്രവാദികളുടെ സ്വാധീനത്തിലായതും ചരിത്രം. ഒന്നരവര്‍ഷം കഴിഞ്ഞ് തീവ്രവാദികള്‍ അമൃത്സറില് നടത്തിയ റാലിയില്‍ ഇരുപതിനായിരത്തിലേറെ പേര് പങ്കെടുക്കുകയുണ്ടായി. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവിന് നോക്കുകുത്തിയാകാനേ കഴിഞ്ഞിള്ളൂ. അതിനെ കുറിച്ചെല്ലാം പറയാന്‍ മന്മോഹന്സിങ്ങ് ഇപ്പോഴും തയാറായിട്ടില്ല.
ഇന്ദിരാഗാന്ധിയുടെ ആഹ്വാനപ്രകാരം പട്ടാളം സുവര്‍ണക്ഷേത്രത്തില്‍ കയറി കുരുതി നടത്തിയശേഷം ഖാലിസ്ഥാന്‍ വാദികളായ സിഖ്കാരില്‍ പലരും പാകിസ്ഥാനിലേക്കാണ് പലായനം ചെയ്തത്. പാക്കിസ്ഥാനില്‍ പല പരിശീലന കേന്ദ്രങ്ങളിലും ഇവര്‍ക്ക് അഭയം കിട്ടി. ഗറില്ലാ മാതൃകയിലുള്ള പോരാട്ട പരിശീലനങ്ങള്‍ നേടാനും കഴിഞ്ഞു. ഇവരെ പൂര്‍ണമായും മസ്തിഷ്ക പ്രക്ഷാളനം നടത്തുകയും ചെയ്തു. ജീവനില്‍ക്കൊതിയില്ലാതെ ഏത് ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെടാനും ഇവരെ പ്രാപ്തരാക്കി. കോണ്‍ഗ്രസുമായിചേര്‍ന്ന് നിന്ന അകാലിപാര്‍ട്ടികള്‍ ബിജെപി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് സിഖുകാരില്‍ വലിയ വിഭാഗം സമാധാനപാതയിലെത്തിയത്. അതൊക്കെ സ്മരിക്കാന്‍ മന്‍മോഹന്‍സിങ്ങിന് കഴിയാതെ പോകുന്നത് സ്വാഭാവികമാണ്. ചാണകം ചാരിയാല്‍ ചാണകമേ മണക്കൂ. ചന്ദനം മണക്കില്ല.
മന്‍മോഹന്‍സിങ് സംസാരിച്ച ചടങ്ങിലെ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍ ഒരു സത്യപ്രസ്താവന തന്നെയാണ്. ഐ.കെ.ഗുജ്റാള്‍ സര്‍ക്കാറിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതുവഴി കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ല. പകരം അത് വളമായത് ബിജെപിക്കാണ്. അതിനുശേഷമാണല്ലോ ബിജെപി ശക്തമായ ഭരണകക്ഷിയായി വളര്‍ന്നത്. തുടര്‍ന്ന് രണ്ടാം തവണ പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയി ആറുവര്‍ഷം പ്രധാനമന്ത്രി സ്ഥാനത്തിരുന്നു. 1998 ല്‍ അധികാരത്തിലെത്തിയ വാജ്പേയി സര്‍ക്കാറിനെ ഒരു വോട്ടിനാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുത്തിയത്. ആ വോട്ടാകട്ടെ ആസാമിലെ മുഖ്യമന്ത്രിയുടെ വോട്ട്. മുഖ്യമന്ത്രിയായിട്ടും ലോക്സഭാംഗത്വം രാജിവയ്ക്കാതെ ആ കോണ്ഗ്രസുകാരന് വാജ്പേയി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വോട്ടുചെയ്തു ആ ചതിയാണ് അഞ്ചുവര്‍ഷം കൂടി പ്രധാനമന്ത്രിയായിരിക്കാന്‍ വാജ്പേയിയ്ക്ക് അവസരം നല്‍കിയതെന്നത് മറക്കാനും കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: