ന്യൂദല്‍ഹി: ഫെഡറല്‍ സംവിധാനത്തോട് ഒരു മമതയും കാണിച്ചിരുന്നില്ല കോണ്‍ഗ്രസ്. തങ്ങള്‍ക്ക് വഴങ്ങാത്ത സംസ്ഥാന സര്‍ക്കാരുകളെ, കേരളമുള്‍പ്പെടെ അവര്‍ നിര്‍ദാക്ഷിണ്യം പിരിച്ചുവിട്ടത് ചരിത്രത്തില്‍ മായാതെ കിടക്കുന്നു. പ്രാദേശിക നേതൃത്വങ്ങള്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് നെഹ്റു കുടുംബം അവരുടെ ആധിപത്യകാലത്ത് ഭയപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍പ്പോലും പ്രഥമ കുടുംബത്തിന്റെ വെട്ടിവീഴ്ത്തലുകള്‍ക്ക് ഇരയായി. ആന്ധ്രാപ്രദേശിലെ എന്‍.ടി. രാമറാവു, കര്‍ണാടകയിലെ രാമകൃഷ്ണ ഹെഗ്ഡെ, ഹരിയാനയിലെ ദേവിലാല്‍, മഹാരാഷ്ട്രയിലെ യശ്വന്ത്റാവു ചവാന് തുടങ്ങി പ്രണബ് കുമാര്‍ മുഖര്‍ജി വരെ ഈ പേരുകള്‍ നീളുന്നു. അതിലൊരു കണ്ണിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ‘രക്ഷകസ്ഥാന’ത്തുള്ള ശരദ് ഗോവിന്ദറാവു പവാറും.
അരനൂറ്റാണ്ട് നീളുന്ന രാഷ്ട്രീയ ജീവിതത്തിന് കോണ്‍ഗ്രസ്സിലൂടെയാണ് പവാര്‍ തുടക്കമിട്ടത്. പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ദിര കോണ്‍ഗ്രസ്സിനൊപ്പം നിന്നു. 1977ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയോട് ഇന്ദിര ദയനീയമായി പരാജയപ്പെട്ടു. ഇന്ദിരയോട് കലഹിച്ച് കോണ്‍ഗ്രസ് വിട്ട അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ഡി. ദേവരാജ് യുആര്‍എസ്, മുതിര്‍ന്ന നേതാവ് യശ്വന്ത് റാവു ചവാന് തുടങ്ങിയവര്‍ നയിച്ച കോണ്‍ഗ്രസ്(യു)വിലേക്ക് പവാറും ചേക്കേറി. 1978ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ രണ്ട് വിഭാഗവും വെവ്വേറെ മത്സരിച്ചെങ്കിലും ജനതാ പാര്‍ട്ടിയെ പു
റത്തിരുത്താന്‍ ഭരണത്തില്‍ യോജിച്ചു. വസന്ത്ദാദ പാട്ടീല്‍ മുഖ്യമന്ത്രിയും പവാര്‍ മന്ത്രിയുമായി. എന്നാല്‍, മാസങ്ങള്‍ക്കകം ജനതാ പാര്‍ട്ടിയുടെ സഹായത്തോടെ സര്‍ക്കാരിനെ പിളര്‍ത്തിയ പവാര്‍ 37-ാം വയസ്സില്‍ മുഖ്യമന്ത്രിയായി. 1980ല്‍ ജനതാ പാര്‍ട്ടി പരീക്ഷണം പരാജയപ്പെട്ടു, ഇന്ദിര ഭരണത്തില്‍ തിരിച്ചെത്തി. ഇന്ദിരയുടെ ആദ്യത്തെ പ്രതികാര നടപടികളിലൊന്ന് പവാര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടതായിരുന്നു. സംസ്ഥാനത്ത് ഒരു നേതാവ് വളര്‍ന്നുവരുന്നതിലും, തന്നെ ചോദ്യം ചെയ്യുന്നതിലും അസ്വസ്ഥയായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും ഫാസിസ്റ്റ് ഭരണാധികാരി ഇന്ദിര.
1986ല്‍ പവാര്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. സംസ്ഥാനത്ത് ശിവസേനയുടെ വളര്‍ച്ചയ്ക്ക് തടയിടുകയെന്ന ദൗത്യമാണ് രാജീവ് അദ്ദേഹത്തെ പ്രധാനമായും ഏല്‍പ്പിച്ചത്. 1988ല്‍ മന്ത്രിസഭയിലെത്തിയ പവാര്‍ പിന്നീട് മുഖ്യമന്ത്രിയായി. എന്നാല്‍, 1990ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-സേന സഖ്യം വെല്ലുവിളി ഉയര്‍ത്തി. ഭൂരിപക്ഷം ലഭിക്കാതിരുന്ന കോണ്‍ഗ്രസ്സിന് സ്വതന്ത്രരുടെ പിന്തുണ തേടേണ്ടി വന്നു. ഇതോടെ സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ്മുഖ് തുടങ്ങിയ നേതാക്കള്‍ പവാറിനെതിരെ കലാപമുയര്‍ത്തി. പവാര്‍ ദേശീയ രാഷ്ട്രീയത്തിലെത്തുമെന്ന് ഭയന്ന പ്രധാനമന്ത്രി രാജീവിന്റെ നിശ്ശബ്ദ പിന്തുണയും ഇതിന് ഉണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ പോര് പവാറിനെ ദുര്‍ബലനാക്കി. രാജീവ് കൊല്ലപ്പെട്ടതിനു പിന്നാലെ പവാര്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായെങ്കിലും ദല്‍ഹി രാഷ്ട്രീയത്തിന്റെ പരിചയസമ്പന്നത ഏറെയുണ്ടായിരുന്ന നരസിംഹ റാവു വിലങ്ങുതടിയായി. പ്രതിരോധ മന്ത്രി സ്ഥാനം കൊണ്ട് പവാര്‍ തൃപ്തിപ്പെട്ടു. ദേശീയ രാഷ്ട്രീയത്തില്‍ സജീവമായ പവാര്‍ 1999ല്‍ പാര്‍ട്ടിയുമായി വീണ്ടും ഏറ്റുമുട്ടി. വിദേശിയായ സോണിയയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കി. എന്‍സിപി രൂപംകൊണ്ടു. എന്നാല്‍, ഏറെത്താമസിയാതെ എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിലെത്തി.
മഹാരാഷ്ട്രയിലെ സഖ്യത്തില്‍ കോണ്‍ഗ്രസ് തന്നെയായിരുന്നു വല്യേട്ടന്. ഇത്തവണ തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ പൂര്‍ണമായും ആശ്രയിക്കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നു. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചെങ്കിലും പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ പവാറിനായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും പവാര്‍ പറയുന്നിടത്ത് പാര്‍ട്ടി എത്തിച്ചേര്‍ന്നു. സോണിയ പോലും പവാറിന്റെ വാക്കുകള്‍ക്കും തീരുമാനങ്ങള്‍ക്കും കാത്തുകിടന്നു.
അദ്ദേഹത്തിന്റെ ചില നീക്കങ്ങള്‍ സംശയത്തിനിടയാക്കിയപ്പോള്‍ വിശ്വസിക്കാന്‍ കൊള്ളുമോയെന്ന ചോദ്യവും കോണ്‍ഗ്രസ്സില്‍ നിന്നുയര്‍ന്നു. ഇന്ദിര, രാജീവ്, സോണിയ… നെഹ്റു കുടുംബത്തിലെ ഈ മൂന്ന് പ്രബലരുടെ വെട്ടിനിരത്തലിന്റെ ഇരയാണ് പവാര്‍. അതേ കോണ്‍ഗ്രസ്സിനെ ഇന്ന് മഹാരാഷ്ട്രയില്‍ തന്റെ കാല്‍ക്കീഴിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ പ്രധാനമന്ത്രിയുമായി പവാര്‍ നടത്തിയ കൂടിക്കാഴ്ച്ച എന്തിനെന്ന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അന്വേഷിക്കുന്നത് ചരിത്രത്തെ ഭയക്കുന്നതുകൊണ്ടുകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: