കേരള മുഖ്യമന്ത്രി പിണറായി വിജയന് ജപ്പാനിലാണ്. ഒറ്റയ്ക്കല്ല. മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമാണിമാരും കൂട്ടിനുണ്ട്. ജപ്പാനില്‍ നിന്ന് എന്തുണ്ടാക്കുമെന്നാരും ചോദിക്കരുത്. പണ്ടും പലരും ജപ്പാനില്‍ പോയിട്ടുണ്ട്. വ്യവസായം തുടങ്ങാനും കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും നടത്തിയ യാത്രകളെല്ലാം വ്യഥാവിലായതാണ് – എന്നാല്‍ പിണറായി വിജയനും കണ്ണൂര്‍ ലോബിമന്ത്രിമാരും ഏറെ പ്രതീക്ഷയിലാണ്. കേരളം കരകയറും അല്ലെങ്കില്‍ കരകയറ്റും എന്ന ദൃഢവിശ്വാസത്തിലാണവര്. ഈ മാസം അവസാനമേ കേരളസംഘം തിരിച്ചെത്തുന്നുള്ളൂ.
ജപ്പാനില്‍ നിന്നും മുഖ്യമന്ത്രി രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പ്രസ്താവന നടത്തിയിട്ടുണ്ട്. ഇത് കുതിരക്കച്ചവടത്തിലൂടെ അധികാരം സ്ഥാപിച്ചെടുക്കുന്ന കാലം.എന്നാണ് പിണറായി വിജയന് പ്രസ്താവിച്ചത്. കുതിരക്കച്ചവടം ഒരുതരിപോലും നടത്തില്ലെന്നതിന്റെ തെളിവല്ലേ മഹാരാഷ്ട്രയില്‍ ഉണ്ടായത്. എന്‍സിപി കക്ഷി നേതാവ് അജിത് പവാര്‍ 54 അംഗങ്ങളുടെ പിന്തുണ പ്രഖ്യാപിച്ച് രേഖാമൂലം കത്തുനല്‍കി. അത് അവിശ്വസിക്കേണ്ടതില്ലായിരുന്നു. പിന്നീടാണ് ഇല്ലാത്ത പിന്തുണ എന്‍സിപി നല്‍കിയതായി വ്യക്തമായത്. കോടതി അത് വ്യക്തമാക്കുകയും ചെയ്തു. ബിജെപി അധികാരത്തിനായി ദാഹിക്കുന്ന കക്ഷിയല്ല. മുഖ്യമന്ത്രി തുടരുകയാണ്.
നിയമസഭയില്‍ തെളിയിക്കേണ്ട ഭൂരിപക്ഷത്തെ സഭയ്ക്ക് പുറത്ത് കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും സ്ഥാപിച്ചെടുക്കുന്ന ഈ പശ്ചാത്തലത്തില്‍ ജനാധിപത്യ റിപ്പബ്ലിക് എന്ന വിശേഷണം നമ്മുടെ രാജ്യത്തിന് എത്രത്തോളം ചേരുമെന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
മതവികാരം ഇളക്കിവിടുന്ന രാഷ്ട്രീയവും ആള്‍ക്കൂട്ട കൊലപാതകങ്ങളും ജനാധിപത്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന കാലഘട്ടമാണ്. ഭരണഘടനയെ അതിന്റെ അന്തഃസത്ത പോകാതെ സംരക്ഷിക്കുന്നതിനുള്ള ചുമതല ഓരോ പൗരനും ഉണ്ട്. ഭരണഘടനാ ശില്പ്പികളുടെ മനസ്സില്‍ ഇന്ത്യയെക്കുറിച്ച് ഉണ്ടായിരുന്ന മഹത്തായ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് നമുക്ക് എത്രത്തോളം മുന്നോട്ടുപോകാനായി എന്ന് ആലോചിക്കണമെന്നും ഭരണഘടനാദിനത്തോടനുബന്ധിച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ റിപ്പബ്ലിക് എന്ന് ഭരണഘടനതന്നെ ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കെ മതനിരപേക്ഷ ശക്തികളെ വര്‍ഗീയശക്തികളോട് താരതമ്യപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനാദിനം ആചരിക്കുമ്പോഴും ഭരണഘടനാമൂല്യങ്ങളും അന്തഃസത്തയും ഉയര്‍ത്തിപ്പിടിക്കുന്നതിന് പലരീതിയിലുള്ള സംവാദങ്ങളും സമരങ്ങളും നടക്കുകയാണെന്ന് മുഖ്യമന്ത്രി പറയുന്നു.
ആദര്‍ശവും മര്യാദയും മാറ്റിവച്ച് അധികാരത്തിലെത്താനുള്ള കോണ്‍ഗ്രസിന്റെ ദുരാഗ്രഹത്തിന്റെ തെളിവാണ് മഹാരാഷ്ട്ര. ശിവസേനയുമായി ബന്ധവത്തിലെത്താന് അവര്‍ക്കൊരു മടിയുമില്ല. ഹിന്ദു വര്‍ഗീയതയുടെ മൂര്‍ത്തീഭാവമാണ് ശിവസേനയെന്ന് മുദ്രകുത്തിയവര്‍ ഇന്ന് പട്ടാപ്പകല്‍ തെരുവില്‍ നഗ്നരായിരിക്കുന്നു.
ശിവസേനക്കാരനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നു. പിണറായി വിജയന്റെ സഖ്യകക്ഷിയായ എന്‍സിപി ശിവസേനാമന്ത്രിസഭയില് അംഗമാകുന്നു. ആദര്‍ശം, മണ്ണാങ്കട്ട പോകാന്‍ പറ എന്ന നിലപാടിലാണ് സിപിഎം.
ബിജെപി കുതിരക്കച്ചവടം നടത്തി പോലും! കുതിരക്കച്ചവടത്തിന്റെ മൊത്തക്കച്ചവടക്കാരല്ലെ സിപിഎമ്മുകാര്‍. ആരെയും കൂട്ടുപിടിക്കും. ആരുമായും സഖ്യമുണ്ടാക്കും. സഖ്യത്തിനില്ലെങ്കില്‍ ചാക്കിട്ടുപിടിക്കും. അങ്ങിനെയല്ലെ ലോനപ്പന് നമ്പാടന് എന്ന കേരള കോണ്ഗ്രസുകാരന് സിപിഎം പാളയത്തിലെത്തിയത്.
സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടില്‍ അധികാരത്തില്‍ തുടര്‍ന്ന കരുണാകരന് മന്ത്രിസഭയെ അട്ടിമറിക്കാന്‍ എംഎല്‍എയെ ചാക്കില്‍ കയറ്റിയ പാരമ്പര്യം കേരളത്തില്‍ സിപിഎമ്മിനാണ്. ലോനപ്പന് നമ്പാടന് എന്ന കേരളാ കോണ്‍ഗ്രസുകാരനെ ചാക്കില്‍ കയറ്റി ഒളിപ്പിച്ചത് സിപിഎമ്മാണ്.
പിന്നീട് മന്ത്രിയായും എം.പിയായും ലോനപ്പന് നമ്പാടനെ സിപിഎം വളര്‍ത്തി. പഞ്ചായത്തുകളിലും നഗരസഭകളിലും സിപിഎം ഈ നാണം കെട്ട സമീപനം സിപിഎം സ്വീകരിച്ചു. എന്നിട്ടും ആദര്‍ശത്തിന്റെ പൊന്നരിവാള്‍ വീശുന്ന സിപിഎം രാഷ്ട്രീയ ജീര്‍ണതയുടെ മരിക്കാത്ത ദൃഷ്ടാന്തമാണ്. ഇപ്പോള്‍ ശിവസേനയുമായുള്ള കോണ്‍ഗ്രസ്-എന്‍സിപി ബാന്ധവത്തിന് കുരവയിടുന്ന പാര്‍ട്ടി നേതാവ് പിണറായി വിജയന് ജപ്പാനില്‍ വച്ച് നടത്തുന്നത് ജല്പനങ്ങള് മാത്രമാണ്. അതിന് ശിങ്കിടി പാടുകയാണ് എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും. നാണം കെട്ട രാഷ്ട്രീയ കോപ്രായം കാട്ടുന്നത് മറച്ചുവയ്ക്കാനാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: