കേരളത്തിലെ മന്ത്രിമാരുടെ ജപ്പാന്‍യാത്ര നല്‍കുന്നത് കറുത്ത ഓര്‍മകളാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് കുടുംബസമേതം ജപ്പാനിലുണ്ട്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് എന്നിവരെ കൂടാതെ ഉദ്യോഗസ്ഥ പ്രമാണിമാരും യാത്രാസംഘത്തിലുണ്ട്. ഡിസംബര്‍ ഒന്നിനേ ഇവര്‍ ജപ്പാന് വിടുന്നുള്ളൂ. അതു കഴിഞ്ഞാല്‍ കൊറിയാ യാത്ര തുടങ്ങും. പതിമൂന്ന് ദിവസത്തെ വിദേശസന്ദര്‍ശനത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പുറപ്പെട്ടത്. സംസ്ഥാന വികസനത്തിന് പണം കണ്ടെത്തുക, ഗതാഗതമേഖലയില്‍ അടക്കം പുത്തന്‍ സാങ്കേതികവിദ്യകള്‍ മനസ്സിലാക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തെ വിദേശ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഈ മാസം 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മന്ത്രിമാരായ ഇ.പി. ജയരാജന്, എ.കെ. ശശീന്ദ്രന്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി.കെ. രാമചന്ദ്രന്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ട്. ഒസാക്കയിലും ടോക്കിയോയിലും നിക്ഷേപ സെമിനാറുകളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജപ്പാന് ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് ഏജന്‍സി, നിസ്സാന്‍, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. കൊറിയയില്‍ കൊറിയ ട്രേഡ് ഇന്‍വെസ്റ്റ്മെന്റ് പ്രോമോഷന് ഏജന്‍സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്റെ നിക്ഷേപസാധ്യതകള്‍ അവതരിപ്പിക്കുന്ന റോഡ്ഷോയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ട്. എല്‍ജി, സാംസങ്, ഹ്യുണ്ടായ് എന്നീ ആഗോള കമ്പനികളുടെ തലവന്മാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. റീബില്‍ഡ് കേരള പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മെയ് മാസത്തില്‍ 10 ദിവസം യൂറോപ്പ് സന്ദര്‍ശിച്ചിരുന്നു, എന്നാല്‍ ഇതുവഴി സംസ്ഥാനത്തിന് പ്രത്യേക നേട്ടങ്ങളുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന വേളയിലെ വിദേശ സന്ദര്‍ശനത്തിനെതിരെയും വിമര്‍ശനം ശക്തമാവുകയാണ്.
ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നും കേരളത്തിന് എന്തു കിട്ടും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇ.കെ. നായനാര്‍ നിക്ഷേപം ആകര്ഷിപ്പിക്കാന് അമേരിക്കയില്‍ പോയിട്ടുണ്ട്. ഒപ്പം വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയനുമുണ്ടായി. അന്ന് എന്ത് കിട്ടിയെന്ന ചോദ്യം ഉപേക്ഷിക്കാം. എന്നാല്‍ ഇഎംഎസ് നയിച്ച രണ്ടാം മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്നു ടി.വി. തോമസ്. വ്യവസായം ആകര്‍ഷിക്കാന്‍ ജപ്പാന് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പോയതാണ്. അന്ന് ഒന്നും സംഭവിച്ചില്ല എന്ന് പറയാന്‍ ആര്‍ക്കുമാവില്ല. ആ സന്ദര്‍ശനത്തിന്റെ ഫലമായിരുന്നു ഇഎംഎസ് മന്ത്രിസഭയുടെ അന്ത്യം കുറിച്ചത്.
മുഖ്യമന്ത്രിയുടെ അറിവോടെയും മന്ത്രിസഭയുടെ അംഗീകാരത്തോടെയുമാണ് ടി.വി. തോമസ് വ്യവസായ സഹകരണം തേടി ജപ്പാനില്‍ പോയത്. തിരിച്ചെത്തിയ തോമസ് അതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. അത് നടപ്പാക്കാനുള്ള ശ്രമത്തിനു പകരം ടി.വി. തോമസ്, എം.എന്‍. ഗോവിന്ദന് നായര്‍ എന്നീ സിപിഐ മന്ത്രിമാര്‍ക്കെതിരെ ആരോപണ പെരുമഴ സൃഷ്ടിക്കാനാണ് സിപിഎം തീരുമാനിച്ചത്. ജപ്പാനിലെ കുത്തകകള്‍ക്ക് കേരളം തീറെഴുതിക്കൊടുക്കുകയാണ് സിപിഐയുടെ ലക്ഷ്യമെന്നു വരെ ആരോപിച്ചു. അത് സംബന്ധിച്ച അന്വേഷണത്തിന് കമ്മീഷണറെയും നിശ്ചയിച്ചു. അത് സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിലേക്കാണെത്തിച്ചത്. അവിശ്വാസത്തില്‍ സര്‍ക്കാര്‍ തോറ്റു. നമ്പൂതിരിപ്പാട് രാജിവച്ചു. പക്ഷേ നിയമസഭ പിരിച്ചുവിട്ടില്ല. ആ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് അച്യുതമേനോന് മുഖ്യമന്ത്രിയാകുന്നത്. മഹാരാഷ്ട്രയില്‍ ബിജെപി രാഷ്ട്രീയം കളിച്ചെന്ന് വിലപിക്കുന്ന കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ 1969ല്‍ കേരളത്തിലെന്ത് സംഭവിച്ചു എന്ന് പരിശോധിക്കേണ്ടതാണ്. ഏതായാലും ജപ്പാനും കൊറിയയും ചുറ്റിക്കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥപ്പടയും തിരിച്ചു വിമാനമിറങ്ങുമ്പോള്‍ എന്തുണ്ടാകും. കേരളം ഉറ്റുനോക്കുന്നത് അതാണ്. സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും ഒട്ടിനില്ക്കുന്ന എന്‍സിപിയുടെ മന്ത്രിയും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. തിരിച്ചെത്തിയാല്‍ എന്തും സംഭവിക്കാം. ചരിത്രം ആവര്‍ത്തിക്കാനും സാധ്യതയേറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: