അഹമ്മദാബാദ്: ആര്‍സിഇപി സ്വതന്ത്ര വ്യാപാര കരാറിനു വിസമ്മതിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭാരതത്തിലെ പ്രമുഖ പാല് ഉത്പാദാക കമ്പനിയായ അമുല്‍ നന്ദി അറിയിച്ചു. പത്ത് കോടി പാല് ഉല്പാദക കുടുംബങ്ങളെയാണ് പ്രധാനമന്ത്രി രക്ഷിച്ചത്തെന്നും പ്രസ്താവനയിലൂടെ കമ്പനിയറിയിച്ചു.
പ്രധാനമന്ത്രിയുടേത് മാതൃകാപരമായ നേതൃപാടവമാണ്. സ്വദേശി പാല് ഉല്പാദകരെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും തീരുമാനവും അഭിനന്ദനീയമാണെന്നും അമുല്‍ വ്യക്തമാക്കി. ഓസ്ട്രേലിയയില്‍ നിന്നും വിലകുറഞ്ഞ പാല് ഉല്പന്നങ്ങളുടെ സീറോ ഡ്യൂട്ടി ഇറക്കുമതി വാഗ്ദാനം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിനായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി അമുല്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.
ആര്‍സിഇപി കരാറില്‍ നിന്ന് വിട്ടു നിന്നതിലൂടെ രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യില്ലെന്ന പ്രധാനമന്ത്രിയുടെ ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നത്. ഈ തീരുമാനം രാജ്യത്തെ കര്‍ഷകര്‍ക്കും പാല് സംരംഭകര്‍ക്കും സഹായകരമാണെന്നും അമുല്‍ പ്രസ്താവനയില്‍ പറഞ്ഞു. ആര്‍സിഇപി വിസമ്മതിച്ച തീരുമാനം രാജ്യത്തെ കര്‍ഷക, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ), ക്ഷീര മേഖല എന്നിവയെ സഹായിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: