ബെംഗളൂരു: ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്കൂള്‍ പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്ന കാര്യം പരിശോധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ”ഞാന്‍ ടിപ്പു സുല്ത്താനെതിരാണ്. ഒപ്പം ടിപ്പുജയന്തിക്കും. ഞങ്ങളുടെ സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാന്‍ അനുവാദം നല്‍കില്ല” യെദിയൂരപ്പ പറഞ്ഞു.
പാഠഭാഗങ്ങള്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ച് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സംസ്ഥാന പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ മന്ത്രി സുരേഷ്കുമാറും രണ്ടു ദിവസം മുന്‍പ് പറഞ്ഞിരുന്നു. അക്കാര്യം ആവശ്യപ്പെട്ട് മടിക്കേരി എംഎല്‍എ അപ്പാച്ചു രഞ്ജന്‍ നല്കിയ കത്തിന് മറുപടിയായാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്.
ടിപ്പു പടയോട്ടം നടത്തിയത് സ്വന്തം സാമ്രാജ്യം വര്‍ധിപ്പിക്കാനും സ്വന്തം മതം വളര്‍ത്താനുമാണെന്ന് അപ്പാച്ചു രഞ്ജന്‍ കത്തില്‍ ആരോപിക്കുന്നു. അതിനാല്‍ സ്വാതന്ത്ര്യ സമരപോരാളി എന്ന് വിളിക്കാനാകില്ല. ടിപ്പു പതിനായിരങ്ങളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തു. ടിപ്പു കന്നഡ ഭാഷയ്ക്കും എതിരായിരുന്നു. പേര്‍ഷ്യന്‍ ഭാഷ വ്യാപിപ്പിക്കാനാണ് ശ്രമിച്ചത്, കത്തില്‍ ആരോപിക്കുന്നു.
അപ്പാച്ചു രഞ്ജന്റെ കത്തിന് മറുപടിയായി ഒക്ടോബര്‍ 28ന് വിദ്യാഭ്യാസമന്ത്രി നല്കിയ മറുപടിയില്‍ മൂന്നു ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. 1782 മുതല്‍ 1799 വരെയാണ് പഴയ മൈസൂരു രാജ്യം ടിപ്പു ഭരിച്ചത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് 2015 മുതല്‍ സിദ്ധരാമയ്യ സര്‍ക്കാരാണ് നവംബറില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാന്‍ തീരുമാനിച്ചത്.
തുടക്കം മുതല്‍ തന്നെ ബിജെപിയും ഹിന്ദു സംഘടനകളും ടിപ്പു സുല്‍ത്താന്‍ ജയന്തിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ വലിയ പോലീസ് സുരക്ഷയിലായിരുന്നു ടിപ്പു ജയന്തി ആഘോഷിച്ചത്. ടിപ്പു ജയന്തി ആഘോഷിക്കില്ലെന്ന് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടന്‍ തന്നെ യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. ക്രൂരനായ ഭരണാധികാരിയായിരുന്നു ടിപ്പുവെന്നും മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും മൈസൂരു എംപി പ്രതാപ സിംഹ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: