പാലക്കാട്: വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ പാകത്തിനാണ് കുറ്റപത്രം പോലും തയാറാക്കിയതെന്നു വ്യക്തമായി. സിപിഎമ്മിന്റെ സമ്മര്‍ദത്തിനു വഴങ്ങി പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ കൊലപാതകത്തിന്റെ സൂചനകള്‍ നല്കുന്ന മൊഴികള്‍ പോലും ഒഴിവാക്കി.
മൂത്ത പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്നു തെളിയിക്കാമായിരുന്ന മൊഴികളാണ് ഒഴിവാക്കിയത്. 2017 ജനുവരി 12നാണ് പതിമൂന്നു വയസുള്ള മൂത്ത പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചേച്ചി മരിച്ച സമയത്ത് മുഖം മറച്ച രണ്ടുപേര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായി ഇളയകുട്ടി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അനിയത്തിയുടെ ഈ നിര്‍ണായക മൊഴി രേഖപ്പെടുത്തുവാന്‍ പോലീസ് തയാറായില്ല. ഈ സുപ്രധാന മൊഴിയില്ലാതെയാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇതുസംബന്ധിച്ച് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സാക്ഷിമൊഴികളുടെയും കുറ്റപത്രത്തിന്റെയും പകര്‍പ്പില്‍ത്തന്നെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാണ്. മൂത്തകുട്ടി 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടിലും, വലിയമ്മയുടെ വീട്ടിലും, പ്രതികളുടെ വീട്ടിലും പീഡനം നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. അമ്മയുടെയും അച്ഛന്റെയും രഹസ്യമൊഴിയുമുണ്ട്.
അമ്പത്തേഴ് സാക്ഷികളാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് ഇതില്‍ ഏഴ് പേര് മൊഴി നല്കി. പ്രതികള്‍ വീട്ടില്‍ പോകാറുണ്ടെന്നു പത്തു പേര് മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തിനിരയായ വിവരം മകള്‍ മരിക്കുന്നതിന് മുമ്പേ അറിയാമെന്ന് അമ്മയുടെ മൊഴിയിലുണ്ട്.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ കോടതിയുടെ അനുവാദം വേണമെന്നിരിക്കെ അതിന് അപേക്ഷ നല്‍കാനും പോലീസ് തയാറായില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ കുട്ടിയെ കൗണ്‍സലിങ് നടത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന ആരോപണവും ഏറെ ഗുരുതരമാണ്. കൗണ്‍സിലിങ് നടത്തിയിരുന്നെങ്കില്‍ മൂത്തകുട്ടിയുടെ മരണത്തിന് കാരണക്കാരെ നിയമത്തിനു മുന്നില്‍കൊണ്ടുവരാന്‍ കഴിയുമായിരുന്നു.
കേസില്‍ നിരവധി സാക്ഷികളുണ്ടെന്ന് പോലീസും പ്രോസിക്യൂഷനും പറയുമ്പോഴും രണ്ടോ മൂന്നോ പേരെ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് പെണ്‍കുട്ടികളുടെ അമ്മ ജന്മഭൂമിയോട് പറഞ്ഞു. അവരെ നേരിട്ട് അറിയാം. അല്ലാതെ മറ്റുള്ളവരെ കണ്ടിട്ടേ ഇല്ല. പോലീസും പ്രോസിക്യൂഷനും പറഞ്ഞു പറ്റിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണം, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: