വിക്ഷേപം, ആവരണം, പ്രാഗഭാവം എന്നിങ്ങനെ കാളിയുടെ സ്വഭാവങ്ങളായി ആചാര്യന്മാര് കല്പിച്ചിരുന്ന വസ്തുതകളും പ്രപഞ്ച ശാസ്ത്രത്തോട് ബന്ധപ്പെടുത്താവുന്നവയാണ്. വിക്ഷേപം എന്നാല്‍ സൃഷ്ടി എന്നര്‍ത്ഥം. സംസ്കൃതഭാഷയില്‍ സൃജ് എന്ന ധാതുവില്‍നിന്നാണ് സൃഷ്ടി എന്ന പദമുണ്ടായത്. ആ ധാതുവിന്റെ പൊരുള്‍ നിര്‍മ്മിക്കുകയെന്നതല്ല; പുറത്തേക്ക് തള്ളുകയെന്നാണ്. സൃഷ്ടി പുറത്തേക്കുള്ള തള്ളലാണ്. ഈ തള്ളലിനാണ് വിക്ഷേപം -സവിശേഷമായ ഏറ് -എന്നു പറയുന്നത്. ആംഗലഭാഷയില്‍ പ്രൊജക്ഷന് എന്ന വാക്ക് അതിന്റെ യഥാര്‍ത്ഥ ഭാവം പകര്‍ന്നുതരുന്നുണ്ട്. സൃഷ്ടി യഥാര്‍ത്ഥത്തില്‍ പ്രൊജക്ഷനാണ്.പരമാണുക്കളുടെ ആപേക്ഷികതയിന്മേല് സംജാതമാകുന്ന ദ്രവ്യത്തിന്റെ രൂപം പ്രൊജക്ഷനാണ്. അഥവാ ഭാവത്തിന്റെ വിക്ഷേപമാണ്. പ്രപഞ്ചത്തിലും നമ്മുടെ കണ്മുന്നി
ലും കാണപ്പെടുന്നതെല്ലാം, വിക്ഷേപങ്ങളാണ്. വിക്ഷേപിതങ്ങളില്നിന്ന് വീണ്ടും വിക്ഷേപണങ്ങളുണ്ടാകുന്നു. അപ്രകാരമുള്ള വിക്ഷേപണങ്ങളുടെ മൂലസ്രോതസ്സാണ് കാളിയുടെ കാളല്‍. അതിന്റെ പ്രതീകമായി കാളിയുടെ ഒരു കൈയില്‍ കാളുന്ന അഗ്നിയുള്ളതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
ഒരു വസ്തുവിനെ നോക്കിക്കാണുന്ന വ്യക്തി ആ വസ്തുവിന്റെ രൂപത്തില്നിന്നു ദൃശ്യമാകുന്ന ഭാവത്തെയാണ് കാണുന്നത്. അതിന്റെ അടിസ്ഥാനതത്ത്വമായ ഊര്ജ്ജത്തെക്കാണുന്നില്ല. കുടത്തെ കാണുന്നയാള്‍ കുടമെന്ന ഭാവത്തെയാണ് കണ്ടു ബോധ്യപ്പെടുന്നത്. അതിന്റെ കാരണമായ മണ്ണിനെയല്ല. പ്രൊജക്ഷന് അഥവാ സൃഷ്ടി അടിസ്ഥാനതത്ത്വത്തെ മറച്ചുവയ്ക്കുന്നു. ‘ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം’ – (സ്വര്‍ണപാത്രംകൊണ്ട് സത്യത്തിന്റെ മുഖം മറയ്ക്കപ്പെട്ടിരിക്കുന്നു) എന്ന ഉപനിഷദുക്തിപോലെ. ആവരണം എന്ന കാളിയുടെ മറ്റൊരുശക്തി ഇങ്ങനെയാണ് പ്രകടമാകുന്നത്. യാഥാര്‍ത്ഥ്യത്തെ മറച്ചുവച്ചിട്ട് വിക്ഷേപിതഭാവത്തെ യാഥാര്‍ത്ഥ്യമായി കാട്ടിക്കൊടുത്തിട്ട് ദ്രഷ്ടാവിനെ ഭ്രമിപ്പിക്കുന്നു.
കാളിയുടെ മൂന്നാമതൊരു സ്വഭാവമാണ് പ്രാഗഭാവം -മുമ്പില്ലാതിരുന്ന അവസ്ഥ. ആധുനികശാസ്ത്രജ്ഞര്‍ മഹാവിസ്ഫോടനത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയെക്കുറിച്ച് കൃത്യമായി ബോധവാന്മാരായിരുന്നില്ല. അതിന്റെ പ്രാഗ്രൂപത്തെയും സ്വഭാവത്തെയും കുറിച്ച് കൃത്യമായി യാതൊന്നും പറയാനാകാത്ത സ്ഥിതിക്ക് അതിനെ വിവക്ഷിക്കാനായി ഒരു പേരിട്ടു – പൂര്വപരികല്പിതോര്ജ്ജം (ഠവല ജൃശാീൃറശമഹ ഋിലൃഴ്യ) എന്ന്. അവാച്യവും അനിര്‍വചനീയവും സങ്കല്പാതീതവുമായ ആ അവസ്ഥയാണ് കാളിയുടെ പ്രാഗഭാവം.
കാളികയെന്നാല് കറുത്തവള്‍ എന്നും സാരമുണ്ട്. കറുപ്പ് വര്ണശൂന്യതയാണ്. കറുപ്പിന്റെ മറ്റുതരത്തിലുള്ള പ്രത്യേകതകള്‍ നേരത്തേ സൂചിപ്പിച്ചുവല്ലൊ. സപ്തവര്ണങ്ങളിലൊന്നിന്റെയും സാന്നിധ്യമില്ലായ്മയാണ് കറുപ്പ്. ശബളിമയാര്‍ന്ന സപ്തവര്ണങ്ങളാകട്ടെ ക്ഷോഭാവസരത്തിലെ ശക്തിയുടെ വേര്‍പാടില്‍ സാക്ഷിയായിനിന്ന പുരുഷനില്‍ ധവളരശ്മിയായി കുടികൊണ്ട് ആകാശത്തിന്റെ അന്തരാളങ്ങളിലും ബാഹ്യതലങ്ങളിലും കുടികൊള്ളുന്ന ശൂന്യതയിലേക്കുള്ള കവാടമായി കാളിനിന്നു. കാളി ബാഹ്യാകാശത്തു തമോഗര്‍ത്തമായി വര്‍ത്തിച്ചുകൊണ്ടിരുന്നു. എല്ലാ പ്രകാശങ്ങളെയും തന്നിലേക്കാകര്ഷിച്ചുകൊണ്ട്, ഒന്നിനെയും പുറത്തേക്ക് വിടാതെ കുടികൊള്ളുന്നു. എല്ലാ പ്രഭാജാലങ്ങളും ക്രമേണ അന്ധകാരത്തിലേക്ക് ചുരുങ്ങിച്ചുരുങ്ങി എത്തിക്കൊണ്ടിരിക്കുന്നു. എല്ലാ ആത്മീയചിന്തകളും അന്തിമമായി കാളിയില്‍ വിലയം പ്രാപിക്കുന്നതുപോലെ.
സ്ഥൂലപ്രപഞ്ചത്തില്‍ സ്ഥൂലതയാര്ന്ന തമോഗര്‍ത്തങ്ങളില്‍ കാളീവൈഭവം പ്രകടമായതുപോലെ സൂക്ഷ്മതലത്തില്‍ പരമാണുവിന്റെ ആന്തരപുടത്തിലെ ഇലക്ട്രോണുകളുടെ ചലനവ്യതിയാനങ്ങളിലും ശാസ്ത്രജ്ഞര്‍ കാളീവൈഭവം അഥവാ കാളീനടനം കണ്ടെത്തുകയുണ്ടായി. വര്ണരാശിയില് പ്രത്യക്ഷപ്പെടാതിരുന്ന കാളിക -കറുപ്പ് – ഹൈഡ്രജന്‍ ആറ്റത്തിന്റെ വികീര്ണവര്ണരാശിയില് വിപാടനം സൃഷ്ടിച്ചുകൊണ്ട് അത്ഭുതകരമായി പ്രത്യക്ഷപ്പെടുകയുണ്ടായി എന്ന് ചില ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു. അന്തരപുടങ്ങളില്നിന്ന് ബാഹ്യപുടങ്ങളിലേക്ക് ഹൈഡ്രജന്‍ ആറ്റത്തിന്റെ ഇലക്ട്രോണിന്റെ പ്രയാണവേളയില്‍ ഊര്‍ജ്ജത്തെ ആചമിക്കുമ്പോഴും ബാഹ്യപുടത്തില്നിന്നു അന്തരപുടത്തിലേക്കുള്ള കുതിപ്പില്‍ ഊര്ജ്ജവിസര്ജ്ജനം ചെയ്യുമ്പോഴും കാളി പ്രത്യക്ഷപ്പെടുന്നു – ഓരോ കറുത്ത രേഖകളായി! അത് ശാസ്ത്രലോകത്തില്‍ ഒരു അത്ഭുതമായി ഇന്നും നിലനില്ക്കുന്നു.
കാളിക നഗ്നയാണ്. നഗ്നത ആകര്‍ഷവും അനാകര്‍ഷകവുമാണ്. ഗുരുത്വാകര്‍ഷണമെന്ന ശക്തി തമോഗര്‍ത്തത്തിലേക്ക് എല്ലാറ്റിനെയും ആകര്ഷിക്കുന്നുവെങ്കിലും ചില രശ്മികളെ പുറത്തേക്ക് വിട്ടുകൊണ്ട് വികര്ഷണസ്വഭാവവും അത് പ്രകടിപ്പിക്കുന്നു. കാളിയുടെ നേത്രത്രയം ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലത്രയത്തില്ക്കൂടി ഈ പ്രപഞ്ചത്തെ വ്യാപിച്ചു നിയന്ത്രിക്കുന്നു. എട്ടു കൈകള്‍ എട്ടു ദിക്കുകളെ പരിമിതമാക്കിക്കൊണ്ട് പ്രപഞ്ചത്തിന്റെ വ്യാപ്തിയിലേക്ക് നീണ്ടുചെല്ലുന്നു -അമ്മ കുഞ്ഞിനെ കെട്ടിപ്പിടിക്കുന്നതുപോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: