നവരാത്രി പൂജയിലെ ഒരു പ്രത്യേക ചടങ്ങാണ് കുമാരീപൂജ. ദേവീഭാഗവതം തൃതീയ സ്കന്ധത്തിലാണ് കുമാരീ പൂജയുടെ വിപുലമായ ചടങ്ങുകള്‍ വിവരിച്ചിട്ടുള്ളത്. ദേവീഭാഗവതം നവകന്യകകളെ ആദ്യം പരിചയപ്പെടുത്തുന്നു. അതിങ്ങനെ:
രണ്ടുവയസ്സായവള്‍ കുമാരി. മൂന്നുവയസ്സായവള്‍ ത്രിമൂര്‍ത്തി. നാലുവയസ്സായവള്‍ കല്യാണി. അഞ്ചു വയസ്സായവള് രോഹിണി. ആറുവയസ്സായവള്‍ കാളി. ഏഴുവയസ്സായവള്‍ ചണ്ഡിക. എട്ടു വയസ്സായവള് ശാംഭവി. ഒമ്പതു വയസ്സായവള് ദുര്‍ഗ. പത്തു വയസ്സായവളെ സുഭദ്രയെന്നും പറയുന്നു. ഇവരത്രെ നവകന്യകകള്‍. ഒമ്പതു ദിവസവും കുമാരിയേയാണ് പൂജിക്കേണ്ടത്. കുമാരി അലഭ്യയായാല്‍ ത്രിമൂര്‍ത്തി തൊട്ട് സുഭദ്രവരെയുള്ള ആരെയും പൂജിക്കാം. കുമാരീ നിര്‍വചനമിതാണ്:
‘കുമാരികാ തു സാ പ്രോക്താ
ദ്വിവര്‍ഷായ ഭവേദിഹ’
ഈ പൂജ മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സല്ക്കാരങ്ങളോടും കൂടി ചെയ്യേണ്ടതാണ്. ഇത്ര കുമാരികള് വേണമെന്നോ പൂജ ഇപ്രകാരമായിരിക്കണമെന്നോ നിബന്ധനയില്ല. എന്നും ഒരേ കുമാരിയെത്തന്നെ പൂജിച്ചാലും വിരോധമില്ല. ദിവസേന ഓരോന്നുവീതം കൂട്ടി രണ്ട്, മൂന്ന്, നാല് എന്നീ ക്രമത്തിലായാലും മതി. രണ്ടോ നാലോ കൂട്ടി നാല്, ആറ്, എട്ട് എന്നിങ്ങനെയാവാം. അല്ലെങ്കില്‍ നാല്, എട്ട്, പന്ത്രണ്ട്, പതിനാറ് എന്നിങ്ങനെയായാലും തെറ്റില്ല. ദിവസേന ഒമ്പതുവീതം കുമാരികളായാലും പൂജാവിധി ശരിതന്നെ. രണ്ടു വയസ്സ് തികയാത്ത കന്യകയെ പൂജിക്കുവാന്‍ പാടില്ല. ഇത് കര്‍ക്കശമാണ്. രണ്ടു വയസ്സ് തികയാത്ത കുഞ്ഞിന് രസഗന്ധാദികള്‍ തിരിച്ചറിയാനാവില്ല എന്നതാണ് കാരണം.
കുമാരിമാര്‍ പൂജാര്ഹരാവാന് പ്രായാനുകൂല്യം മാത്രം പോര. ചൊറി, ചിരങ്ങ്, കുഷ്ഠം, കോങ്കണ്ണ്, കുരുടത്വം, ദുര്‍ഗന്ധം ഇവയൊന്നുംതന്നെ പൂജിക്കപ്പെടുന്ന കന്യമാര്‍ക്ക് ഉണ്ടാകുവാന്‍ പാടില്ല. കാര്യസാധ്യത്തിനായി ബ്രാഹ്മണ കുമാരികയേയും വിജയത്തിനായി ക്ഷത്രിയകന്യകയേയും ലാഭത്തിനായി വൈശ്യശൂദ്ര കന്യകളേയും പൂജിക്കേണ്ടതാണെന്ന് ദേവീഭാഗവതം.
ബ്രാഹ്മണന് ബ്രാഹ്മണകന്യകയേയും ക്ഷത്രിയന് ബ്രാഹ്മണ ക്ഷത്രിയ കന്യകളേയും വൈശ്യന് ബ്രാഹ്മണക്ഷത്രിയ വൈശ്യകന്യകളേയും ശൂദ്രന് ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്ര കന്യകളേയും പൂജിക്കാവുന്നതാണ്. എത്ര ഉദാത്തവും ഉജ്ജ്വലവുമാണ് ഭാഗവതകാരന്റെ വീക്ഷണം. ജാതിചിന്താഭേദങ്ങളില്ലാത്ത നവരാത്രി.
ഒമ്പതുദിവസത്തെ പൂജയും ഫലവും ചുവടെ:
ഒന്നാം ദിവസം: കുമാരി (രണ്ട് വയസ്സ്), ദാരിദ്ര്യമകലും ബലം വര്‍ധിക്കും. രണ്ടാം ദിവസം: ത്രിമൂര്‍ത്തി (മൂന്ന് വയസ്സ്) ധര്‍മാര്‍ഥനേട്ടം, പുത്രപൗത്രസുഖം. മൂന്നാം ദിവസം: കല്യാണി (നാല് വയസ്സ്) ഫലം സമ്പൂര്‍ണ വിജയം. നാലാം ദിവസം: രോഹിണി (അഞ്ചു വയസ്സ്) രോഗശാന്തിയാണ് ഫലം. അഞ്ചാം ദിവസം: കാളി (ആറുവയസ്സ്) ശത്രുസംഹാരമാണ് ഫലം. ആറാംദിവസം: ചണ്ഡിക (ഏഴ് വയസ്സ്) ഐശ്വര്യം, ധനലബ്ധി. ഏഴാം ദിവസം: ശാംഭവി (എട്ട് വയസ്സ്) . യുദ്ധവിജയം ഫലം. എട്ടാം ദിവസം: ദുര്‍ഗ (ഒമ്പത് വയസ്സ്) ശത്രുനാശം, പരലോകസുഖം. ഒമ്പതാം ദിവസം: സുഭദ്ര(10 വയസ്സ്) സുഖസൗഭാഗ്യങ്ങള്‍ ഫലം.
സരസ്വതീപൂജ
ആദ്യാനുഭവങ്ങള്‍ക്ക് വിസ്മൃതിയില്ലല്ലോ. കുടുംബത്തിലെ കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ച കാലബിന്ദു രക്ഷിതാക്കളുടെ മനസ്സിലുണ്ടാവും. അരിയില്‍ വിരലുകളൊഴുകുമ്പോള് വിടര്‍ന്ന ഹരിശ്രീ പുഷ്പങ്ങള്‍. അവയുടെ നിറവും മണവും ജീവിതത്തെ വസന്തത്തെപ്പോലെ സേവിക്കും. അറിവിന്റെ അനന്തമായ ആകാശത്തിലേക്ക് കിളിവാതില്‍ തുറക്കുന്ന നിമിഷം. ഈ നിമിഷത്തെ മെരുക്കി വളര്‍ത്തുക. സര്‍വനാദാത്മികയാണ് ദേവി. ഭാഷയുടെ ആവൃതഭംഗിയാണ് നാദം. സര്‍വനാദാത്മികയുടെ സൃഷ്ടി രണ്ടുവിധം: ശബ്ദസൃഷ്ടി, അര്‍ഥസൃഷ്ടി. വൃക്ഷവും ഛായയും എങ്ങനെയോ അങ്ങനെ ഈ ഉഭയസൃഷ്ടികളും. ശബ്ദാര്ഥങ്ങള്ക്ക് സൂക്ഷ്മതമം, സൂക്ഷ്മതരം, സൂക്ഷ്മം, സ്ഥൂലം എന്ന് നാലുവിഭാഗങ്ങള്‍. സൂക്ഷ്മതമത്തിന് പരാ എന്ന് പേര്. പശ്യന്തി എന്ന് സൂക്ഷ്മതരം. സൂക്ഷ്മം മധ്യമ. വൈഖരി സ്ഥൂലം. ശബ്ദാര്‍ഥ സൃഷ്ടിക്കുകാരണം ശിവശക്തികളത്രെ. വാഗര്‍ഥ സംപൃക്തതയായി മഹാകവി കാളിദാസന് ഉപദര്ശിച്ചതും ഇതുതന്നെ.
‘അ’കാരം ശിവവാചകമായ ശബ്ദം, ‘ഹ’കാരം ശക്തി വാചകവും. ‘അഹകാരൗ’ ശിവശക്തി എന്ന് മന്ത്രം. ‘അഹം’ ‘ഞാന്‍’ തന്നെ. അഹംഭാവത്തെ ഇല്ലാതാക്കി അഹംബോധത്തെ ശിവശക്തികളുണര്ത്തുന്നു. ഈ ‘അഹം’ ‘അഘ'(പാപം)ങ്ങളകലാന് പര്യാപ്തവും. ‘അഹമിതി സര്‍വാഭിധാനം’ എന്ന് ഐതരേയോപനിഷത്ത്.
ജ്ഞാനാംബികയാണ് സരസ്വതി. അറിവൊക്കെ പുസ്തകത്തില്‍ മാത്രം പോരല്ലോ. മസ്തകത്തിലുമുണ്ടാവണം. ജ്ഞാനം എപ്പോഴും ജ്ഞാതാവിനെ ആശ്രയിച്ചാണിരിക്കുന്നത്. ജ്ഞാനവും ജ്ഞാതാവും ഭാരതീയ ചിന്തയില്‍ രണ്ടല്ല. ഒന്നാണ്. ജ്ഞാനം ജ്ഞാതാവിനെ ആശ്രയിച്ചുനില്‍ക്കുന്നതുകൊണ്ട് സ്വതന്ത്രയല്ല, പരതന്ത്രയാണ്. അതുകൊണ്ടാണ് ജ്ഞാനമൂര്‍ത്തി പുരുഷനാവാതെ സ്ത്രീയായിപ്പോയത്. സ്ത്രീ പരതന്ത്രയാണുതാനും. തരുണിയുടെ അസ്വതന്ത്രത മൂലം, അറിവ് സ്ത്രീവാചിയായി, ദേവതയുമായി. അത് സരസ്വതീദേവിയും. ജ്ഞാനം പ്രകടമാകുന്നത് നാദവര്ണങ്ങളാലാണ്. സരസ്വതീദേവി അങ്ങനെ വീണാവരദണ്ഡമണ്ഡിതകരയുമായി.
നാം ചെയ്യേണ്ടത് ഇങ്ങനെ; ഇന്ദ്രിയങ്ങളിലും മനസ്സിലും ബുദ്ധിയിലും ബാഹ്യപ്രപഞ്ചത്തിലും ചിന്നിച്ചിറതിക്കിടക്കുന്ന ജ്ഞാനത്തെ അഥവാ സരസ്വതിയെ ഏകത്ര സ്വരൂപിക്കുക. ഈ ആവാഹനമാണ് പൂജവയ്പ്പ്. അല്‍പ്പംപോലും അറിവ് മറ്റൊന്നിലേക്ക് ചോര്‍ന്നുപോകാതെ ഏകാഗ്രതയാകുന്ന പീഠത്തില്‍ ആവാഹിക്കുക. ആചാര്യന്മാര് പ്രകരണം തുടരുന്നു. ശ്രദ്ധയാകുന്ന ദീപം കൊളുത്തുക. ഭക്തിയാകുന്ന ജലംകൊണ്ട് അഭിഷേകം ചെയ്യുക. സംയമമാകുന്ന പുഷ്പം അര്‍ച്ചന ചെയ്യുക. പ്രാണനാകുന്ന നിവേദ്യം സമര്‍പ്പിക്കുക. അഹങ്കാരമാകുന്ന കര്‍പ്പൂരം കത്തിക്കുക. ഈ സരസ്വതീ പൂജയുടെ ഫലം ജ്ഞാനസമാധിയാകുന്നു.
ദുര്‍ഗാദേവി മഹിഷാസുരനെ നിഗ്രഹിച്ച് വിജയശ്രീലാളിതയായ ദിനം വിജയദശമി. ജീവിതവിജയത്തിനുതകുന്ന സകല കലകളുടെയും സമാരംഭത്തിനുപറ്റിയ ദിവസം തന്നെയിത്. കര്‍ണാടകദേശത്ത് ‘ദസറ’. ബംഗാളില്‍ ദുര്‍ഗാപൂജ. തമിഴകത്തും കേരളത്തിലും ‘നവരാത്രി.’ ശരത്കാലത്തും വസന്തകാലത്തും ഭാരതത്തിലങ്ങോളമിങ്ങോളം നവരാത്രി ആഘോഷിക്കുന്നു. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള പ്രയാണമാണ് സംസ്കാരം. ഏറ്റവും വലിയ ഇരുട്ട്, അന്ധതാമിസ്രം അജ്ഞാനമാണ്. സരസ്വതിയും ലക്ഷ്മിയും ഭഗവതിയും അകത്തേയും പുറത്തേയും ഇരുട്ടകറ്റട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: