മനുഷ്യജീവിതത്തെ നാം യാത്രയോടുപമിക്കാറുണ്ട്. യാത്രാരംഭം ജനനമാണെങ്കില്‍ യാത്രാവസാനം മരണമാണ്് രണ്ടും യാത്രികന്റെ നിയന്ത്രണത്തിലല്ല. ഇതിനിടയിലുള്ള യാത്ര മാത്രമാണ് ഒരു പരിധിവരെ മനുഷ്യന്റെ നിയന്ത്രണത്തിലുള്ളത്. സഹയാത്രികരോട് സഹകരിച്ചും സഹാനുഭൂതി കാട്ടിയും മുന്നേറുന്നവര്‍ക്ക് ജീവിതം സന്തോഷകരമായും അല്ലാത്തവര്‍ക്കു ദുര മൂത്ത പാച്ചിലില്‍ ജീവിതം ഒരു ദുരന്തമായും തീരുന്നു. സഹയാത്രികനുമായി പാഥേയം പങ്കിടുന്നവനാണ് സഹന സഞ്ചാരങ്ങളില്‍ താങ്ങും തണലുമായി മാറുന്നവന്. ഇത്തരം പങ്കിടലിനുള്ള അവസരങ്ങളായാണ് മനുഷ്യസമൂഹം ഉത്സവങ്ങളെ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
മാമലനാട്ടിലെ മലയാളിയുടെ തിരുവോണം സ്നേഹപാഥേയങ്ങളുടെ മധുരം പങ്കിടുന്ന തിരു ഉത്സവമാണ്. വറുതി പെയ്യുന്ന കര്‍ക്കടകം താണ്ടി നിറവ് പൊലിയുന്ന ചിങ്ങമെത്തുമ്പോള്‍ മലയാളിയുടെ മനം തിരുവോണത്തെ വരവേല്‍ക്കാന്‍ തയ്യാറാകുന്നു. വാമനജയന്തിയും മഹാബലി കഥകളും പകരുന്ന പുരാവൃത്തശോഭയില് മണ്ണും മനുഷ്യമനസ്സും ചിങ്ങത്തിരുവോണമാഘോഷിക്കുന്നു. ഓണസ്സദ്യയും ഓണക്കോടിയും ഒത്തുകൂടലുകളും മനുഷ്യകുലത്തിന്റെ അടിസ്ഥാന ഭൗതികാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയുടെ പ്രാപ്തിക്കുള്ള അഭിവാഞ്ഛകളെ വെളിപ്പെടുത്തുന്നു. വയറുനിറയുവോളം ഭക്ഷണം കഴിയ്ക്കാനും ആര്ഭാടമായില്ലെങ്കിലും നാണം മറയ്ക്കാന്‍ വസ്ത്രം ധരിക്കുവാനും, മഴയില്‍നിന്നും വെയിലില്‍നിന്നും മഞ്ഞില്‍നിന്നും രക്ഷ നല്കുന്ന പാര്‍പ്പിടങ്ങളില്‍ കുടിപാര്ക്കാനുമുള്ള മനുഷ്യസമൂഹത്തിന്റെ ആഗ്രഹമാണ് ഓണസദ്യയിലൂടെയും ഓണക്കോടിയിലൂടെയും തറവാടുകളിലെ ഒത്തുകൂടലുകളിലൂടെയും വെളിപ്പെടുന്നത്.
ഈ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കപ്പെടാന്‍ കഴിയാത്ത ബഹുസഹസ്രം ജനങ്ങള്‍ നമുക്കു ചുറ്റും നൊന്തുജീവിക്കുന്നുണ്ട് എന്നു തിരിച്ചറിയുകയും അവരെ തിരുവോണ സന്തോഷത്തിലേക്ക് കൈ പിടിച്ചാനയിക്കുകയും ചെയ്യുമ്പോഴേ പരിത്യാഗത്തിന്റെ മഹാബലികളായി മാറുവാന്‍ നമുക്കു കഴിയൂ. ചേരികളിലും പുറംപോക്കുകളിലും ചോര്‍ന്നൊലിക്കുന്ന കൂരകളിലും തെരുവോരങ്ങളില്‍ ആകാശത്തിനു കീഴിലും അന്തിയുറങ്ങുന്നവരുടെ ഇടയിലേയ്ക്കും തിരുവോണത്തിന്റെ സന്തോഷമെത്തിക്കാന്‍ കഴിയുമ്പോഴേ നാം ആത്മാവില്‍ കാരുണ്യത്തിന്റെ ത്രിവിക്രമാവതാരമായി വളരുകയുള്ളൂ. തൊഴുത്തില്‍ കെട്ടിയ പൈക്കള്‍ക്കും ഈച്ചയ്ക്കും പൂച്ചയ്ക്കും ഉറുമ്പിനുപോലും ഓണമധുരം വിളമ്പിയ നമ്മുടെ പൂര്‍വ്വികര്‍ പകര്‍ന്നുനല്‍കിയ തിരുവോണ സന്ദേശം നാം വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
കഷ്ടപ്പാടിന്റെ വെയിലേറ്റു പൊള്ളുന്ന ജീവിതയാത്രയില്‍ ആനന്ദത്തിന്റെ ഇളവേല്പിടങ്ങളാണ് തിരുവോണം പോലുള്ള ഉത്സവങ്ങള്‍. അവിടെ സഹയാത്രികര്‍ക്കായി സ്നേഹവര്ണ്ണങ്ങളില് നമുക്ക് പൂക്കളം ചമയ്ക്കാം. പങ്കിടലിന്റെ മധുരം വിളമ്പാം. ശിഷ്ടജീവിതത്തിന്റെ ഓര്‍മകളിലേക്ക് നന്മയുടെ പാഥേയം പൊതിഞ്ഞെടുക്കാം.
(കവിയും കേസരി വാരികയുടെ മുഖ്യപത്രാധിപരുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: