ഇടുക്കി: ഉപ്പുതറ ചപ്പാത്തിന് സമീപം പെരിയാര്‍ കൈയേറ്റം വ്യാപകം. ചപ്പാത്ത് ടൗണിന് സമീപം മ്ലാമല റോഡിന് അഭിമുഖമായി മുസ്ലിം ആരാധനാലയത്തിനു വേണ്ടി പുഴ കൈയേറി ബഹുനില കെട്ടിടം നിര്‍മിക്കുന്നു. നിര്‍മാണം തുടങ്ങിയപ്പോള്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും പണി തുടര്‍ന്നു. ഇതോടെ നാട്ടുകാര്‍ ജില്ലാ കളക്ടറെ വിവരമറിയിക്കുകയായിരുന്നു.
ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പോലീസിന്റെ സഹായം തേടിയെങ്കിലും ലഭിക്കാതെ വന്നതോടെ കളക്ടര്‍ നേരിട്ടിടപെട്ടു. പിന്നീടാണ് ഉപ്പുതറ സിഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തി നിര്‍മാണം തടഞ്ഞത്. ആനവിലാസം വില്ലേജ് ഓഫീസര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. നിര്‍മാണം തുടര്‍ന്നാല്‍ പോലീസാണ് നടപടിയെടുക്കേണ്ടതെന്നും പുറമ്പോക്ക് ഭൂമിയാണിതെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. ഇതിന് സമീപത്ത് മറ്റ് നിരവധി നിര്‍മാണങ്ങളുമുണ്ട്.
പുഴയുടെ എക്കല്‍മണ്ണ് അടിഞ്ഞുണ്ടായ മേഖലയിലാണ് കല്ലിട്ട് കെട്ടി ബീമുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചുള്ള നിര്‍മാണം. 2018ലെ മഹാപ്രളയത്തിലും, ഈ മാസം ആദ്യമുണ്ടായ പ്രളയത്തിലും ഈ പ്രദേശത്തെല്ലാം വെള്ളം കയറി. സ്വാഭാവിക നീരൊഴുക്കില്‍ നിന്ന് 15 മീറ്റര്‍ മാറിയേ ഏത് നിര്‍മാണവും ആകാവൂയെന്ന നദീസംരക്ഷണ നിയമത്തിലെ വ്യവസ്ഥകളെല്ലാം ഇവിടെ ലംഘിച്ചു. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറില്‍ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, ചപ്പാത്ത് തുടങ്ങിയ മേഖലകളില്‍ വ്യാപക കൈയേറ്റമുണ്ട്. പീരുമേട് തഹസില്‍ദാരുടെ പരിധിയാണ് ഇതിലധികവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: